അടിമാലി ടൗണില്‍ കാംകോ ജംഗ്ഷന് സമീപം രാത്രികാലത്ത് വീടുകളില്‍ അപരിചിതന്റെ സാന്നിധ്യമുണ്ടായത് ആശങ്ക ഉയര്‍ത്തി.മോഷണം ലക്ഷ്യമിട്ടിയാള്‍ വീടുകളില്‍ കയറിയതായാണ് പ്രദേശവാസികളുടെ സംശയം

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടേ മുക്കാലോടെയായിരുന്നു അടിമാലി ടൗണില്‍ കാംകോ ജംഗ്ഷന് സമീപമുള്ള പാലക്കാമുറി ബിജുവിന്റെ വീട്ടില്‍ അജ്ഞാതന്‍ എത്തിയത്.വീടിന്റെ സിറ്റൗട്ടിലൂടെ കയറിയ ഇയാള്‍ വീടിന്റെ ഒരു വശത്തെ ജനാലക്കരികിലെത്തി മുറിക്കുള്ളിലേക്ക് ലൈറ്റടിച്ച് പരിശോധിച്ചു.
ഈ സമയം വെളിച്ചം കണ്ട് ബിജുവും കുടുംബവും ഉണര്‍ന്നു.സിറ്റൗട്ടില്‍ തിരികെയെത്തിയ അജ്ഞാതന്‍ വീടിന്റെ മുന്‍ ഭാഗത്തെ ജനാലയിലൂടെ വീണ്ടും ലൈറ്റടിച്ച് പരിശോധന നടത്തി.പിന്നീടിയാള്‍ ബിജുവിന്റെ വീട്ടില്‍ നിന്നിറങ്ങി സമീപത്തെ മറ്റൊരു വീടിന്റെ സിറ്റൗട്ടിലെത്തുകയും ജനാല തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു.ഈ സമയം ബിജു വീടിന് പുറത്തിറങ്ങി ബഹളമുണ്ടാക്കി. ഇതോടെ അജ്ഞാതന്‍ റോഡിലൂടെ ഓടി രക്ഷപ്പെട്ടു.
ബഹളം കേട്ടുണര്‍ന്ന സമീപവാസികള്‍ ചേര്‍ന്ന് അജ്ഞാതനെ പിന്തുടര്‍ന്ന് പിറകെ ഓടിയെങ്കിലും കണ്ടെത്താനായില്ല.കാംകോ ജംഗ്ഷനിലും ഇവര്‍ പരിശോധന നടത്തി.പിന്നീട് വിവരം പോലീസില്‍ വിളിച്ചറിയിക്കുകയും പോലീസ് സംഭവ സ്ഥലത്തെത്തുകയും ചെയ്തു.നിറയെ വീടുകള്‍ ഉള്ള പ്രദേശമാണിവിടം.