സുരക്ഷിതമല്ലാത്ത ഭക്ഷണം 200ലധികം രോഗങ്ങള്‍ക്ക് കാരണമാകുന്നു ; ലോകാരോഗ്യ സംഘടന

സുരക്ഷിതമല്ലാത്ത ഭക്ഷണം 200ലധികം രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഡബ്യൂഎച്ച്ഒയുടെ കണക്കനുസരിച്ച് പത്തില്‍ ഒരാള്‍ മോശം ഭക്ഷണം കഴിക്കുന്നതുമൂലം രോഗബാധിതരാകുന്നുണ്ട്. ഇതിന്റെ ഫലമായി പ്രതിവര്‍ഷം 4,20,000 പേരാണ് മരണത്തിന് കീഴടങ്ങുന്നത്. കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് ഡബ്യൂഎച്ച്ഒ ഓര്‍മ്മിപ്പിക്കുന്നത്. അടുക്കളയില്‍ കയറുന്നതിന് മുമ്പ് കൈകള്‍ വൃത്തിയായി കഴുകി ശുചിത്വം ഉറപ്പാക്കണം.
പാചകത്തിലുടനീളം വൃത്തിക്ക് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം. പാകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങളെയും പാകം ചെയ്യാത്തവയെയും ഒന്നിച്ച് വയ്ക്കരുത്. ഇവ പ്രത്യേകം പാത്രങ്ങളില്‍ വേണം സൂക്ഷിക്കാന്‍. ഭക്ഷണം നന്നായി പാകം ചെയുതുമാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം. അണുക്കളെ നശിപ്പിക്കാനും പോഷകങ്ങള്‍ ഉറപ്പാക്കാനും നന്നായി പാകം ചെയ്യുന്നത് സഹായിക്കും. എല്ലാ ഭക്ഷണവും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടവയല്ല. ഓരോന്നും അതിന് അനുയോജ്യമായ അന്തരീക്ഷത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഇത് പ്രധാനമാണ്. പാചകത്തിന് ശുദ്ധമായ വെള്ളവും അസംസ്‌കൃതവസ്തുക്കളും ഉപയോഗിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണം.