തേക്കടി തടാകത്തിൽ നിന്ന് മോട്ടർ എടുക്കാനുള്ള ജല അതോറിറ്റിയുടെ തീരുമാനത്തെ കുമളി പഞ്ചായത്ത് എതിർത്തു
തേക്കടി തടാകത്തിൽ നിന്ന് മോട്ടർ എടുക്കാനുള്ള ജല അതോറിറ്റിയുടെ തീരുമാനത്തെ കുമളി പഞ്ചായത്ത് എതിർത്തു. തേക്കടിയിൽ നിന്ന് മോട്ടർ എടുത്ത് മാറ്റിയാൽ 2 പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം മുടങ്ങുമെന്ന് ആരോപിച്ചാണ് പഞ്ചായത്ത് ജല അതോറിറ്റിയുടെ നടപടി തടഞ്ഞത്. ജലവിതരണം മുടങ്ങിയതിൽ പ്രതിഷേധം ശക്തമായ പെരുവന്താനം ഹെലിബറിയ കുടിവെള്ള പദ്ധതി പുനരാരംഭിക്കുക ആയിരുന്നു ജല അതോറിറ്റിയുടെ ലക്ഷ്യം.കുമളി, ചക്കുപള്ളം പഞ്ചായത്തുകളിലെ നിരവധി വീടുകളിൽ തേക്കടി തടാകത്തിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. കടുത്ത വേനലിൽ തേക്കടിയിൽ നിന്ന് കൃത്യമായി പമ്പിംങ്ങ് നടത്തിയാലും ജലക്ഷാമം നേരിടുന്ന വിവിധ പ്രദേശങ്ങളുണ്ട്. ഇതിനിടെയാണ് തേക്കടിയിലെ ഒരു മോട്ടർ എടുത്ത് കുടിവെള്ള വിതരണം നിലച്ച ഹെലിബറിയായിൽ എത്തിച്ച് ജനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാൻ ജല അതോറിറ്റി തീരുമാനിച്ചത്. എന്നാൽ കടുത്ത വേനൽ കാലത്ത് ഇത് തേക്കടി - ചക്കുപള്ളം കുടിവെള്ള പദ്ധതിയെ ബാധിക്കുമെന്ന് ആരോപിച്ച് കുമളി പഞ്ചായത്ത് നടപടി തടഞ്ഞു. ഒരു പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുമ്പോൾ മറ്റൊരു സ്ഥലം ജലക്ഷാമം നേരിടുന്ന പദ്ധതിയാണ് ജല അതോറിറ്റി നടപ്പാക്കുന്നത് എന്ന് ജനപ്രതിനിധികൾ ആരോപിച്ചു.ഹെലിബറിയ പദ്ധതിയിൽ നിന്നുള്ള ശുദ്ധജല വിതരണം മുടങ്ങിയിട്ട് 10 ദിവസം പിന്നിട്ടിരുന്നു. ഇതോടെ ജല അതോറിറ്റിക്ക് എതിരെ ജനങ്ങളുടെ പ്രതിഷേധവും ശക്തമായി. ഇതോടെ തേക്കടിയിൽ നിന്ന് 25 എച്ച്.പിയുടെ മോട്ടർ എത്തിച്ച് പെരിയാർ തീരത്ത് സ്ഥാപിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാൽ ഇത് 2 പഞ്ചായത്തിലെ പതിനായിരത്തോളം കുടുംബങ്ങളെ ദുരിതത്തിലാക്കുമെന്നും, മോട്ടോർ കൊണ്ടു പോയാൽ തിരികെ കിട്ടില്ല എന്നും മെമ്പർമാർ പറഞ്ഞു.അതേ സമയം ജല അതോറിറ്റിയുടെ എ.ഇയുടെ പോലും അനുവാദമില്ലാതെയാണ് മോട്ടർ അഴിച്ച് കൊണ്ടു പോകാൻ ശ്രമിച്ചത്. ഹെലിബറിയായിലെ കുടിവെള്ള പദ്ധതി പുനരാരംഭിക്കേണ്ടത് അത്യാവിശമാണെന്നും അതിന് മറ്റു വഴികൾ ജല അതോറിറ്റി കണ്ടെത്തണമെന്നും ജനപ്രതിനിധികൾ പ്രതികരിച്ചു.

