ഇടുക്കിയിൽ ആദിവാസി വിദ്യാർത്ഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചു പരുക്കേൽപ്പിച്ചു;മർദനമേറ്റത്,മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലെ അഞ്ച് കുട്ടികൾക്ക്

ഇടുക്കിയിൽ ആദിവാസി വിദ്യാർത്ഥികളെ ഹോസ്റ്റൽ ജീവനക്കാരൻ മർദിച്ചു പരുക്കേൽപ്പിച്ചു. മൂന്നാർ എം.ആർ.എസ് ഹോസ്റ്റലിലെ അഞ്ച് കുട്ടികൾക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിലെ ചില കുട്ടികൾ മദ്യപിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഞ്ച് പേരെ ഹോസ്റ്റൽ വാച്ചർ സത്താർ മുറിയിൽ കയറ്റി ക്രൂരമായി മർദിയ്ക്കുകയായിരുന്നു .മർദനമേറ്റ വിവരം കുട്ടികൾ സ്കൂൾ അധികൃതരെ അറിയിച്ചു.സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് പോലിസ് കേസെടുത്തു. പരിശോധനയിൽ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ടെത്തി. വാച്ചറായ സത്താറിനെ മൂന്നാർ പോലിസ് കസ്റ്റഡിയിൽ എടുത്തു. മൂന്നാർ ഡി വൈ എസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.