ലബ്ബക്കടയിൽ മോഷണം നടന്നിട്ട് 4 മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തത് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നു
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് കാഞ്ചിയാർ ലബ്ബക്കടയിലെ 8 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. ലബ്ബക്കടയിലെ അക്ഷയ കേന്ദ്രത്തിൽ സൂഷിച്ചിരുന്ന 70000 രൂപ നഷ്ടമായിരുന്നു. മറ്റ് സ്ഥാപനങ്ങളിൽ നിന്നും പണം നഷ്ടമായിരുന്നു. മോഷണം നടന്ന ശേഷം പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരുമടക്കം പരിശോധനക്ക് എത്തിയിരുന്നു.
മോഷണം നടന്ന സ്ഥാപന ഉടമകളെ നിരവധി തവണ കട്ടപ്പന പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മോഷണം നടന്ന് 4 മാസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിയാത്തതിനാൽ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്. രാത്രികളിൽ സ്ഥാപനങ്ങൾ അടച്ച് വീട്ടിൽ പോയി കിടന്ന് ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ പറയുന്നു.
രാത്രികാലങ്ങളിൽ പ്രദേശത്ത് പോലീസ് പെട്രോളിംഗ് നടത്തുമെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. എന്നാൽ മോഷണം നടന്ന് തൊട്ടടുത്ത ദിവസങ്ങളിൽ മാത്രമാണ് പെട്രോളിംഗ് നടത്തിയത്. പിന്നീട് അത് ഉണ്ടായില്ല. മോഷണം നടന്ന ശേഷം 4 മാസം കഴിഞ്ഞിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാത്തത് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു.