വേനൽ കടുത്തതോടെ ഇടുക്കി മലയോര മേഖലയിൽ കാട്ടുതീ പടരുന്നത് നിത്യസംഭവമാകുന്നു

വേനൽ കടുത്തതോടെ ഇടുക്കി മലയോര മേഖലയിൽ കാട്ടുതീ പടരുന്നത് നിത്യസംഭവമാകുന്നു. വിവിധ ഇടങ്ങളിലായി ഏക്കർ കണക്കിന് കൃഷിയിടമാണ് കാട്ടുതീയിൽ കത്തിയ മരുന്നത്. അയ്യപ്പൻകോവിൽ ഇടപ്പൂക്കളത്ത് അഞ്ച് കർഷകരുടെ കൃഷി പൂർണ്ണമായും കത്തി നശിച്ചു.വേനലിൻ്റെ ആരംഭത്തിൽ തന്നെ ഇടുക്കിയുടെ മലയോര മേഖലകളിൽ കാട്ടുതീ പടർന്ന് ഏക്കർ കണക്കിന് കൃഷിയാണ് കത്തി നശിച്ചത്. അയ്യപ്പൻകോവിൽ മേരിക്കുളം ഇടപ്പൂക്കളത്ത് തീ പടർന്ന് വ്യാപക കൃഷി നാശം ഉണ്ടായി.
പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും കൃഷിയിടങ്ങളിൽ തീ വ്യാപിച്ചിരുന്നു. തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കട്ടപ്പന ഫയർഫോഴ്സ് സ്ഥലത്തെത്തി. വലിയ വാഹനം കയറി ചെല്ലാൻ സാധിക്കാത്ത ഇടമായതിനാൽ ഫയർ ബീറ്റുകൾ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.അഞ്ചോളം പേരുടെ കൃഷിയിടങ്ങളിലാണ് തീ പടർന്നത്. ഗ്രാമപഞ്ചായത്ത് അധികൃതർ എത്തി കൃഷി നാശം വിലയിരുത്തി.
കാപ്പി,കുരുമുളക്, വാഴ തുടങ്ങിയ കൃഷികളാണ് നശിച്ചത്. ഉൾഗ്രാമങ്ങളിലും മലമുകളിലും കാട്ടുതീ പടരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും ഫയർഫോഴ്സ് നൽകിയിട്ടുണ്ട്.