പതിവായി വ്യായാമം ചെയ്യുന്നത് 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും
മധുരമുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പതിവായി വ്യായാമം ചെയ്യുന്നത് 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം ചെയ്യുന്നത് രാത്രി നന്നായി ഉറങ്ങാന്‍ മാത്രമല്ല, ശരീരം ആരോഗ്യത്തോടെയിരിക്കാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുന്ന ഹോര്‍മോണുകളെ പുറത്തുവിടാന്‍ ഇതിലൂടെ കഴിയും. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വ്യായാമം സഹായിക്കുന്നു. ഇത് കൂടുതല്‍ ശാന്തമായ അവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കും. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉറക്കം അത്യാവശ്യമാണ്. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍, അസ്വസ്ഥതയും ക്ഷീണവും ഉത്കണ്ഠയും അനുഭവപ്പെടാം. ഉറക്കക്കുറവ് കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും, ഇത് സമ്മര്‍ദ്ദത്തിന് കാരണമാകും. അതിനാല്‍ രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം നമ്മുടെ ശരീരത്തിന് മാത്രമല്ല, മനസ്സിന്റെ ആരോഗ്യത്തിനും പ്രധാനമാണ്.
മധുരമുള്ളതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍ എന്നിവ പോലുള്ള വിവിധതരം ഭക്ഷണങ്ങള്‍ കഴിക്കുക. പലപ്പോഴും മൊബൈല്‍ ഫോണിന്റെയും മറ്റും അമിത ഉപയോഗം ആണ് ഉറക്കമില്ലായ്മയിലേയ്ക്കും മാനസിക സമ്മര്‍ദ്ദത്തിലേയ്ക്കും നയിക്കുന്നത്. അതിനാല്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ മുതലായവ ഉപയോഗിക്കുന്ന ശീലം പരിമിതപ്പെടുത്തുക. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സാമൂഹിക പിന്തുണ സഹായകമാകും. വൈകാരിക പിന്തുണ നല്‍കുന്നതിനും ഒറ്റപ്പെടലിന്റെ വികാരങ്ങള്‍ കുറയ്ക്കുന്നതിനും സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സംസാരിക്കുക. ചെയ്യുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് നെഗറ്റീവ് ചിന്തകള്‍ ഉപേക്ഷിക്കാനും സമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.