മാർച്ച് ഏഴിന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമര സമിതി
റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര ഗവൺമെന്റ് കേരളത്തിലെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, കെ.റ്റി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് റേഷൻ വ്യാപാരി സംയുക്ത സമര സമിതി സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമയി സെക്രട്ടറിയേറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ജോണി നെല്ലൂർ, ജില്ലാ ചെയർമാൻ എ.ഡി വർഗീസ്, ജില്ലാ ജനറൽ കൺവീനർ എ.വി ജോർജ്, വർക്കിങ്ങ് ചെയർമാൻ എ മണി, കൺവീനർ പി.എ അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.