ശമ്പളനിഷേധത്തിനെതിരേ പ്രക്ഷോഭങ്ങൾ തുടരും - കേരള എൻജിഒ അസോസിയേഷൻ
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും മുടങ്ങിയത് സർക്കാരിന്റെ ധൂർത്തിന്റെയും കഴിവുകേടിന്റെയും ഫലമാണെന്ന് കേരള എൻജിഒ അസോസിയേഷൻ. നാലു ദിവസമായി ശമ്പളം മുടങ്ങിയിട്ടും സാങ്കേതിക തകരാറെന്ന് ഒഴിവുപറഞ്ഞ് സർക്കാർ ഇരുട്ടിൽ തപ്പുകയാണെന്നും ഈ സാഹചര്യത്തിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശങ്ങൾക്കായി ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ ഇടുക്കി ബ്രാഞ്ച് കമ്മറ്റി വ്യക്തമാക്കി.
പ്രതിഷേധ സൂചകമായി പൈനാവ് സബ് ട്രഷറി ഓഫീസിനു മുന്നിൽ ഇന്ന് ആവേശോജ്വലമായ പ്രതിഷേധധർണ്ണ നടന്നു. ശമ്പളം തടഞ്ഞുവച്ചത് ബോധപൂർവ്വം സൃഷ്ടിച്ച സാഹചര്യമാണെന്നും സർവീസ് മേഖലയിൽ വരാനിരിക്കുന്ന തൊഴിലാളി വിരുദ്ധനടപടികളുടെ ടെസ്റ്റ് ഡോസാണെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത എൻ.ജി.ഒ.എ ജില്ല ട്രഷറർ സാജു മാത്യു ആരോപിച്ചു. തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച കളക്ട്രേറ്റിൽ സംസ്ഥാന സർവീസ് ജീവനക്കാരുടെയും പെൻഷനേഴ്സിന്റെയും അവകാശച്ചങ്ങല സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബ്രാഞ്ച് സെക്രട്ടറി രാജ്മോൻ എം.എസ് സ്വാഗതവും പ്രസിഡന്റ് ജോയ്സ് ആന്റണി അധ്യക്ഷപ്രഭാഷണവും നടത്തി. റോയി അലക്സ്, ബെനറ്റ് ലൂക്കോസ്, സിമി സി എൻ തുടങ്ങിയവർ സംസാരിച്ചു.