ഡീൻ കുര്യാക്കോസ് എം.പി.യുടെ സി.എസ്.ആർ സമ്മിറ്റ് തൊടുപുഴയിൽ നടന്നു

ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിൻറെ നേതൃത്വത്തിൽ നടന്ന സി.എസ്.ആർ. 2024 ന് മികച്ച പ്രതികരണം. “മിഷൻ 100 അംഗൻവാടി ഇൻ ഇടുക്കി” എന്ന പേരിൽ തൊടുപുഴ ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ 65 ലക്ഷം രൂപയുടെ സി.എസ്.ആർ. ഫണ്ട് ഓഫറാണ് ലഭിച്ചതെന്ന് എം.പി. അറിയിച്ചു. ഐ.സി.ഡി.എസ്. ഇടുക്കി പ്രോഗ്രാം ഓഫീസർ മഞ്ജു പി.ജി. അധ്യക്ഷത വഹിച്ച യോഗം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. തൊടുപുഴ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് കെ. രാമചന്ദ്രൻ , ബ്രാഹ്മിൻസ് ഗ്രൂപ്പ് സി.ഇ.ഒ. ശ്രീനാഥ് വിഷ്ണു, സ്കിൽ ഡവലപ്പമെൻറ് ജില്ലാ നോഡൽ ഓഫീസർ രഞ്ജിത്ത് കുമാർ കെ. എ, വേണുഗോപാലൻ നായർ, പ്രജീഷ് എം.ആർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷൻ (1 അംഗൻവാടിക്ക് 6 ലക്ഷം രൂപ കണക്കാക്കി) 5 അംഗൻവാടി, യുണിയൻ ബാങ്ക് 1 അംഗൻവാടി, കേരള ഗ്രാമീൺ ബാങ്ക് 1, സൗത്ത് ഇന്ത്യൻ ബാങ്ക് 1, കാനറാ ബാങ്ക് 1, ബാങ്ക് ഓഫ് ഇന്ത്യ 1, ഓയിൽ പാം ഇന്ത്യാ ലിമിറ്റഡ് 1, എസ്ബി.ഐ 1.5 ലക്ഷം മെയിൻറനൻസ്, ഡെൻറ് കെയർ ഡെൻറൽ ലാബ് എന്നിങ്ങനെ 12 അംഗൻവാടി നിർമ്മിക്കുന്നതിനാണ് നിലവിൽ ഓഫർ ലഭിച്ചിരിക്കുന്നതെന്നും എം.പി.അറിയിച്ചു.
ഇടുക്കി ജില്ലയിൽ സ്വന്തമായി കെട്ടിടമില്ലാത്തതും സ്വന്തം ഉള്ളതുമായ 18 അംഗൻവാടികളും അൺഫിറ്റായ സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 87 അംഗൻവാടികളുമാണ് അടിയന്തിരമായി നിർമ്മിക്കേണ്ടതെന്ന് എം.പി. പറഞ്ഞു.