കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ ഹോട്ടൽ റെയ്ഡ് പ്രഹസനം; ഹോട്ടലുകളുടെ പേര് വെളിപ്പെടുത്താതെ ഒത്തുകളി
കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ റെയ്‌ഡിൽ ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ടൗണിൽ പ്രവർത്തിക്കുന്ന അഞ്ച് ഹോട്ടലുകളിൽ നിന്നാണ് പഴകിയ മീൻ വറുത്തതും ബിരിയാണിയും, ചോറും പിടികൂടിയത്. മീൻ വറുത്തത്, ബിരിയാണി, ചോറ്, മീൻ കറി ,ഇറച്ചിക്കറി, വെജിറ്റബിൾ കറി തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് പിടികൂടിയത്. മുൻപ് ഹോട്ടലുകളിൽ റെയ്ഡ് നടത്തുമ്പോൾ പേര് വെളിപ്പെടുത്തുന്ന ആരോഗ്യ വിഭാഗം ഇത്തവണ ഇത് ഒഴിവാക്കി.ആദ്യ തവണയായതിനാൽ ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തുകയില്ലന്നും ഫൈൻ നല്കിയതായുമാണ് അതികൃതരുടെ അറിയിപ്പ്.
എന്നാൽ വേണ്ടപ്പെട്ടവരെ സഹായിക്കാനുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. നഗരസഭാ ആരോഗ്യ വിഭാഗം ചില ഹോട്ടൽ മുതലാളിമാരെ സംരക്ഷിക്കുകയും ചെറുകിട ഹോട്ടലുകളെ നിയമലംഘനത്തിൻ്റെ പേരിൽ പിടികൂടി, അവരുടെ പേര് മാധ്യമങ്ങൾക്ക് നൽകി ഞെളിയുകയുമാണ് ചെയ്യുന്നത്. ക്ലീൻ സിറ്റി മാനേജർ ജീൻസ് സിറിയക് ,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് D, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബി രഞ്ജിത്ത്, അനുപ്രിയ,സൗമ്യനാഥ് ജി പി, എന്നിവർ അടങ്ങുന്ന സംഘമാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്.