ചിന്നക്കനാല്‍ ബിഎല്‍ റാമില്‍ കാട്ടാന ശല്യം അതി രൂക്ഷം; പകല്‍ സമയങ്ങളില്‍ പോലും കൃഷിയിടങ്ങളില്‍ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിൽ നാട്ടുകാര്‍
കുടിയേറ്റ കാലത്ത് പോലും ഇല്ലാത്ത വിധം രൂക്ഷമായിരിക്കുകയാണ് ചിന്നക്കനാൽ ബിഎല്‍ റാമിലെ കാട്ടാന ശല്യം. എല്ലാ ദിവസവും മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏക്കറ് കണക്കിന് ഭൂമിയിലെ കൃഷി, ആനയുടെ ആക്രമണത്തില്‍ നശിച്ചു. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് ബിഎല്‍ റാമിലേയ്ക്ക് എത്തിയിരുന്നത് ചക്കക്കൊമ്പന്‍ എന്ന ഒറ്റയാന്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ മൊട്ടവാലനും മേഖലയില്‍ സ്ഥിരം സാന്നിധ്യമാണ്. മതികെട്ടാനില്‍ നിന്ന് ഇറങ്ങുന്ന കാട്ടാന കൂട്ടങ്ങളും രാത്രിയും പകലും ഏലതോട്ടങ്ങളില്‍ തമ്പടിയ്ക്കുകയാണ്.കാര്‍ഷിക മേഖല വിട്ട്, ചിന്നക്കനാലിലെ പുല്‍മേടുകളിലേയ്ക്ക് ആനകള്‍ മാറുന്നില്ല. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ്, കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന കര്‍ഷകന്‍ കാട്ടാന ആക്രമത്തില്‍ കൊല്ലപ്പെട്ടിരുന്നു. പ്രഭാത സവാരിയ്ക്കിറങ്ങിയ സ്ത്രീകള്‍ക്ക് നേരെ, ആന പാഞ്ഞടുക്കുകയും ചെയ്തിരുന്നു.കുട്ടികളെ സ്‌കൂളില്‍ അയച്ചിട്ട്, ഭയത്തോടെയാണ് വീട്ടുകാര്‍ കാത്തിരിയ്ക്കുന്നത്. കൃഷിയിടങ്ങളിലും റോഡിലുമെല്ലാം ഏത് നിമിഷവും കാട്ടാനകള്‍ എത്തും. ഒറ്റയാന്‍മാര്‍ക്ക് പുറമെ, കുട്ടിയാനകള്‍ ഉള്‍പ്പെടുന്ന വിവിധ കാട്ടാന കൂട്ടങ്ങളും വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.