വണ്ടിപ്പെരിയാറിൽ വീണ്ടും കടുവയുടെ ആക്രമണം; ഗ്രാമ്പി വെടിക്കുഴിയിൽ പശുവിനെ ചത്ത നിലയിൽ കണ്ടെത്തി
വണ്ടിപ്പെരിയാർഗ്രാമ്പി വെടി കുഴിയിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ വളർത്തു പശുവിനെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ തേയില തോട്ടത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളാണ് പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ഗ്രാംബി എസ്റ്റേറ്റ് തൊഴിലാളികൾ ആയ എസൈയ്യ ജയശീലി ദമ്പതികളുടെ മൂന്നുമാസം ഗർഭിണിയായ വളർത്തു പശുവാണ് ചത്തത്.തുടർന്ന് പശുവിന്റെ ഉടമകളും നാട്ടുകാരും സ്ഥലത്തെത്തി വിവരം ഗ്രാമപഞ്ചായത്ത് അംഗത്തെ അറിയിക്കുകയും ഗ്രാമപഞ്ചായത്ത് അംഗം വനപാലകരെ വിവരം അറിയിക്കുകയും ചെയ്തു.പ്രദേശത്തു നിന്നും ഇത് അഞ്ചാമത്തെ പശുവിനെയാണ് കടുവയുടെ ആക്രമണത്തിൽ ചത്ത നിലയിൽ കണ്ടെത്തുന്നത് എന്നും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്തംഗം ദേവി ഈശ്വരൻ ആവശ്യപ്പെട്ടു
കഴിഞ്ഞ ആറുമാസത്തിനിടെ ഗ്രാമ്പി ഭാഗത്തുനിന്നും അഞ്ചോളം പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. പ്രദേശത്ത്കടുവയുടെ സാന്നിധ്യം തുടരെ ഉണ്ടാവുകയും വളര്‍ത്ത് മൃഗങ്ങളെകൊലപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ ഏറെ ഭീതിയിലാണ് നാട്ടുകാർ. തുടർച്ചയായി കടുവയുടെ സാന്നിധ്യം ഉണ്ടാവുന്നതോടുകൂടി കുട്ടികളെ സ്കൂളിൽ അയക്കുന്നതിനും എസ്റ്റേറ്റ് തൊഴിലാളികൾ തേയിലക്കാടുകളിൽ ജോലി ചെയ്യുന്നതിനും ഭയപ്പെടുകയാണെന്നും നാട്ടുകാർ പറഞ്ഞു.. അടിയന്തരമായി പ്രദേശത്ത് ഇറങ്ങിയ കടുവയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.