മിസ്റ്റർ ഇടുക്കി പട്ടം സ്വന്തമാക്കിയ ഉപ്പുതറ സ്വദേശി വി എസ് ദേവൻ മിസ്റ്റർ കേരളയാകാനുള്ള തയ്യാറെടുപ്പിൽ

അടിമാലിയിൽ നടന്ന ഇടുക്കി ജില്ലാ ബോഡി ബിൽഡിംഗ് ചാംപ്യൻസ്ഷിപ്പിലാണ് ഉപ്പുതറ സ്വദേശി വാഴുവേലിൽ ദേവൻ ഒന്നാമത് എത്തി മിസ്റ്റർ ഇടുക്കി ചാംപ്യൻ പട്ടം നേടിയത്. മികച്ച നേട്ടം കൈവരിച്ചതോടെ ഉപ്പുതറ എന്ന കുടിയേറ്റ ഗ്രാമത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ 6 വർഷമായി ദേവൻ ഈ രംഗത്ത് സജീവമാണ് . വർഷങ്ങൾക്ക് മുമ്പ് പിതാവ് നൽകിയ പിന്തുണയാണ് ഈ രംഗത്ത് സജീവമാകാൻ പ്രേരണ. തുടർന്ന് എ പി സാഗർ എന്ന പരിശീലകൻ്റെ കീഴിൽ കഠിന പ്രയത്നം, ഒടുവിൽ ആശിച്ച നേട്ടം ദേവൻ കൈവരിച്ചു. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിൽ ജോലി നോക്കുന്നതിനിടയിലാണ് ജിമ്മിലെ കഠിനപ്രയത്നത്തിനും ദേവൻ സമയം കണ്ടെത്തുന്നത്.
കഴിഞ്ഞ ആറുവർഷമായി സ്ഥിരമായി മിസ്റ്റർ ഇടുക്കി മത്സരത്തിൽ ദേവൻ പങ്കെടുത്തു. തുടർന്നാണ് ഇക്കൊല്ലത്തെ മികച്ച പ്രകടനത്തിൽ മിസ്റ്റർ ഇടുക്കിയായി ദേവൻ തിരഞ്ഞെടുക്കപ്പെട്ടത്. ഇനി മിസ്റ്റർ കേരളയാകാനുള്ള തയ്യാറെടുപ്പും ദേവൻ തുടങ്ങി കഴിഞ്ഞു .ലഹരിയുടെ വഴികളിലേക്ക് നടന്നു നീങ്ങുന്ന യുവജനതക്ക് ഒരു മാതൃക കൂടിയായി മാറുകയാണ് ഈ യുവാവ്.