കാഞ്ചിയാർ കോവിൽ മലയിലെ ജനവാസ മേഖലയിൽ കാട്ടാനകൾ ; വ്യാപകമായി കൃഷി നശിപ്പിച്ചു
ഇന്നലെ രാത്രിയാണ് കാട്ടാനകൾ കോവിൽമല ബാലവാടി അരുവിക്കൽ ഭാഗത്ത് ആദിവാസി കുടുംബങ്ങളുടെ കൃഷിയിടത്തിൽ നാശം വിതച്ചത്. രാത്രി കൃഷിയിടത്തിലെത്തിയ കാട്ടാന ഏലം വാഴ, തെങ്ങ് പന എന്നിവ നശിപ്പിച്ചു. ഒറ്റപ്ലാക്കൽ മുരളി, ഒറ്റക്കല്ലിൽ ജോയി, തേക്കനാൽ സരസമ്മ, പൂതക്കുഴിയിൽ ജോബി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനകൾ നാശം വിതച്ചത്. രണ്ട് കാട്ടാനകളാണ് കാട്ടിൽ നിന്നും കൃഷിയിടത്തിലിറങ്ങിയത്. ജനവാസ മേഖലയിലെത്തിയ ആന നേരം പുലർന്നിട്ടും കൃഷിയിടത്തിൽ നില ഉറപ്പിച്ചിരിക്കുകയായിരുന്നു. രാവിലെ ഇടുക്കി ഡാമിൽ കെട്ടിയ വല അഴിക്കാനെത്തിയവരാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. ആദ്യമായാണ് ഈ ഭാഗത്ത് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങുന്നത്.കാട്ടിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള കൃഷിയിടത്തിലാണ് കാട്ടാനകൾ എത്തിയത്. നിരവധി വീടുകൾ ഉള്ള ഭാഗമാണിത്. പ്രായം ചെന്നവരും കുഞ്ഞുങ്ങളുമായാണ് ആദിവാസികൾ ഇവിടെ കഴിയുന്നത്. ഇവരുടെ ജീവന് തന്നെ ഇവ ഭീഷണി ആയിരിക്കുകയാണ്. വനാതിർത്തിയിൽ സോളാർ വേലിയുണ്ടെങ്കിലും ഇതൊന്നും പ്രവർത്തിക്കാത്തതാണ് ആന കൃഷിയിടത്തിലെത്താൻ കാരണം. അടിയന്തിരമായി കാട്ടനകൾ കൃഷിയിടത്തിലിറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം.