മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ഉപ്പുതറ തവാരണ ചീന്തലാർ റോഡ് വഴി തിരിച്ചു വിടാൻ സാധിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്
മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ഉപ്പുതറ തവാരണ ചീന്തലാർ റോഡ് വഴി തിരിച്ചു വിടാൻ സാധിക്കില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് അറിയിച്ചു. ഈ റോഡിൽ ഗ്രാമപഞ്ചായത്തിന്റെ പണികൾ നടത്തുന്നതിനാൽ ഗതാഗതം കർശനമായി നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കിഫ്‌ബി എ. ഇ പാത യോഗ്യമാണോ എന്ന് പരിശോധിക്കാതെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത്. ഇക്കാര്യം ഉപ്പുതറ, അയ്യപ്പൻകോവിൽ ഗ്രമപഞ്ചായത്തുകളെ അറിയിച്ചിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി ആലടി ഭാഗത്ത് പാറ ഖനനം നടത്തി റോഡ് വീതി കൂട്ടുന്ന പ്രവർത്തികൾ നടത്തുന്നതിനാൽ അപകട സാധ്യത ഒഴിവാക്കാൻ ചപ്പാത്ത് പരപ്പ് റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ 14/02/2024 മുതൽ 28/02/2024 വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചുകൊണ്ടാണ് കിഫിബി എ ഇ അറിയിപ്പ് പുറപ്പെടുവിച്ചത്. ഇതിൽ ഏലപ്പാറ -കുട്ടിക്കാനം ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങൾ പരപ്പ് -ഉപ്പുതറ -പൊരിക്കണ്ണി വഴി ചപ്പാത്തിലേയ്ക്കും കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പരപ്പ് ഉപ്പുതറ ചീന്തലാർ -ഏലപ്പാറ വഴിയും,കുട്ടിക്കാനം ഭാഗത്തുനിന്നുള്ള കെ എസ് ആർ ടി സി ബസുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ഏലപ്പാറ ചീന്തലാർ ഉപ്പുതറ പരപ്പ് വഴി തിരിഞ്ഞു പോകേണ്ടതാണ് എന്നുമായിരുന്നു അറിയിപ്പ്. എന്നാൽ ഉപ്പുതറ തവാരണ ചീന്തലാർ റോഡിൽ ഗ്രാമപഞ്ചായത്തിന്റെ കോൺക്രീറ്റ് പണികൾ നടക്കുകയാണ്. അതിനാൽ റോഡിൽ കർശനമായ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇത് അന്വേഷിക്കുകയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഈ പാത സഞ്ചാരയോഗ്യമാണോ എന്ന് പരിശോധിക്കുകയോ ചെയ്യാതെയാണ് അറിയിപ്പ് പുറപ്പെടുവിച്ചത് എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നു.അയ്യപ്പൻകോവിൽ, ഉപ്പുതറ ഗ്രാമപഞ്ചായത്തുകൾക്ക് യാതൊരുവിധ അറിയിപ്പും നൽകാതെയാണ് കിഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇത്തരത്തിലുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.