ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ മനുഷ്യ -വന്യമൃഗ സംഘർഷം ലഘൂകരിക്കാൻ പദ്ധതിയുമായി വനം വകുപ്പ്
ഇടുക്കി ജില്ലയിൽ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ ഒന്നാണ് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്. 2003 -ൽ ആദിവാസി പുനരധിവാസ പദ്ധതി നടപ്പിലാക്കിയത് മുതൽ രൂക്ഷമായ വന്യജീവി ആക്രമണങ്ങളിൽ നാളിതുവരെ 47 പേർ കൊല്ലപ്പെട്ടു,നിരവധി വീടുകളും ഹെക്റ്റർ കണക്കിന് കൃഷിയും കാട്ടാന നശിപ്പിച്ചു. ദിനംപ്രതി മനുഷ്യ -വന്യമൃഗ സംഘർഷം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് വന്യമൃഗ ശല്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത് . ഇതിന്റെ ഭാഗമായി ദേവികുളം റേഞ്ചിനു കിഴിൽ രൂപീകരിച്ചിട്ടുള്ള ജനജാഗ്രത സമിതി യോഗം ചേരുകയും വനം വകുപ്പ് നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ നിർദേശിക്കുകയും ചെയ്‌തു. കാട്ടാന ശല്യം രൂക്ഷമായ ജനവാസ മേഖലകളായ പന്തടികളം,ബി എൽ റാം,സിങ്കുകണ്ടം തുടങ്ങിയ മേഖകളിൽ തൂക്ക് വൈദ്യുതി വേലികൾ സ്ഥാപിക്കനാണ് വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത് . പന്തടികളം മേഖലയിൽ അഞ്ചും,ബിൽ എൽ റാമിൽ മൂന്നും,സിങ്കുകണ്ടത്ത് എട്ടും കിലോമീറ്റർ ദൂരമാണ് ഫെൻസിംഗ് സ്ഥാപിക്കുക, അതെ സമയം ഫെൻസിംഗ് സ്ഥാപിക്കുന്നതിലൂടെ വിഷയത്തിന് ശാശ്വത പരിഹാരം കാണുവാൻ സാധിക്കില്ലെന്നും, വനമേഖലയിൽ ആവശ്യത്തിന് ഭക്ഷണം ഒരുക്കിയാൽ മാത്രമെ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയുവാൻ സാധിക്കുളയുള്ളു എന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. ജനജാഗ്രത സമിതി നിർദ്ദേശിക്കുന്ന മേഖലകളിൽ ആയിരിക്കും വനം വകുപ്പ് ഫെൻസിംഗ് നിർമ്മിക്കുക,ഇതിനായുള്ള ആദ്യ യോഗം ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ ചേർന്ന്,സമിതി അന്തിമ തീരുമാനം എടുത്തതിനു ശേഷം നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.