മലയോര ഹൈവേയുടെ കാഞ്ചിയാറിൽ തടസം സൃഷ്ടിച്ച ഭാഗങ്ങൾ നെടുങ്കണ്ടം താലൂക്ക് സർവ്വെ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി;റോഡ് നിർമാണം സുഗമമാകുമെന്ന് പ്രതീക്ഷ
മലയോര ഹൈവേയുടെ കാഞ്ചിയാറിൽ തടസം സൃഷ്ടിച്ച ഭാഗങ്ങൾ നെടുങ്കണ്ടം താലൂക്ക് സർവ്വെ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് സർവ്വെ ടീം റോഡിൻ്റ ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്.മലയോര ഹൈവേ നിർമ്മാണത്തിനെതിരെ സ്വകാര്യ വ്യക്തികളാണ് ഹൈക്കോടതിയെ സമീപിച്ചത്.മലയോര ഹൈവെ യുടെ നിർമ്മാണത്തിൽ വിവിധ സ്ഥലങ്ങളിലാണ് ഭൂഉടമകൾ തടസം സൃഷ്ടിച്ചത്. പ്രധാനമായും പാലാക്കടയിലായിരുന്നു തടസം ഉണ്ടായത് . റോഡിനെതിരെ പരാതി ഉണ്ടാവുകയും കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു. പാലാക്കടയിലെ സ്വകാര്യ വ്യക്തി ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ പരാതിയും നൽകി. ഈ സാഹചര്യത്തിൽ റോഡിൻ്റെ തടസമുള്ള ഭാഗങ്ങളുടെ നിർമ്മാണം ഉപേക്ഷിക്കാൻ കരാറുകാർ തീരുമാനിച്ചു. റോഡിന് 15 മീറ്റർ പുറംപോക്കുണ്ടന്നും ഇവിടെയാണ് നിർമ്മാണം നടത്തുന്നതെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു .കോടതി സ്വകാര്യ വ്യക്തികളുടെ ഭൂമിയും റോഡിൻ്റെ പുറം പോക്കും അളന്ന് തിട്ടപ്പെടുത്തി രേഖകൾ ഹാജരാക്കാൻ കളക്ടറോട് നിർദ്ദേശിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരമാണ് താലൂക്ക് സർവ്വെ ടീം സർവ്വെ നടത്തിയത്.
സർവ്വെയിൽ സ്വകാര്യ വ്യക്തികൾ സർവെ കല്ലുകൾ ടൈൽ ഇട്ട് മറച്ചതായും പാലക്കടയിൽ മുള്ള് വേലിയിട്ടിരിക്കുന്നത് സർവ്വെ കല്ലിന് പുറത്താണന്നും വ്യക്തമായി. ശരിയായ സ്കെച്ചും രേഖയും കോടതിയിൽ സമർപ്പിക്കുന്നതോടെ റോഡിൻ്റെ തടസം നീങ്ങുമെന്നാണ് സർവ്വെ വിഭാഗവും ജനപ്രതിനിധികളും ജനങ്ങളും പ്രതീക്ഷിക്കുന്നത്. മലയോര ഹൈവേയുടെ ആദ്യ ഘട്ടം കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ വിജയകരമായി പൂർത്തിയാക്കിയിരുന്നു. നിലവിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെയാണ് ഹൈവെ നിർമ്മാണം നടക്കുന്നത്. 10 സെന്റ് മുതൽ ഭൂമിയുള്ള റോഡരുകിൽ താമസിക്കുന്നവർ റോഡിനായി ഭൂമി വിട്ട് നൽകി സഹകരിക്കുമ്പോഴാണ് കാഞ്ചിയാറ്റിലെ ചില സ്വകാര്യ വ്യക്തികൾ ഭൂമി വിട്ടു നൽകാതെ റോഡ് നിർമ്മാണം തടസപ്പെടുത്തിയത്. താലൂക്ക് സർവ്വയർ അജയകുമാർ, റിട്ടയേർഡ് താലൂക്ക് സർവ്വെയർ സി മണി, എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വെ നടത്തിയത്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയു സാന്നിദ്ധ്യത്തിലാണ് അളവ് നടത്തിയത്. സർവ്വെ ടീമിൻ്റെ റിപ്പോർട്ട് കോടതിയി എത്തുമ്പോൾ മലയോര ഹൈവെ യുടെ തടസങ്ങൾ നീങ്ങി സുഗമമായി പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.