കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവ് സരുൺ സജിയെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ നോട്ടീസ്
കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ നഷ്ടപരിഹാരം തേടിയുള്ള പരാതിയിൽ പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് നൽകി.പീരുമേട്ടിൽ നടക്കുന്ന അടുത്ത സിറ്റിംഗിനു മുൻപ് വിശദികരണം നൽകണമെന്ന് മൂന്നാർ ഗവ.ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ കമീഷനംഗം വി.കെ. ബീനാകുമാരിയാണ് നിർദ്ദേശം നൽകിയത്. നഷ്ടപരിഹാരം നൽകണമെന്ന പരാതിയിൽ എതിരായിഎന്തെങ്കിലും കാരണം ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ രേഖാമൂലം എഴുതി നൽകാനാണ് നിർദ്ദേശം. 2022 നവംബർ 20 നാണ് കണ്ണംപടി മുല്ല ഊരിലെ പുത്തൻപുരക്കൽ സരുൺ സജിയെ കിഴുകാനം സെക്ഷൻ ഫോസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
10 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയ സര്യൺ സജി വകുപ്പുമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. മന്ത്രിയുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന ഉന്നത തല അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. പിടിച്ചെടുത്ത മാംസം വന്യ മൃഗത്തിൻ്റേതല്ലെന്ന പരിശോധന ഫലവും പുറത്തുവന്നു. തുടർന്ന് സരുണിന് എതിരെയുള്ള കേസ് വനം വകുപ്പ് പിൻവലിക്കുകയും സംഭവത്തിൽഇടുക്കി വൈൽഡ് ലൈഫ് വാർഡൻ, സെക്ഷൻ ഫോറസ്റ്റർ അടക്കം കുറ്റക്കാരായ 13 ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്യുകയും ചെയ്തു. അതിനിടെ സരുൺ സജിയുടെ പരാതിയിൽ ഉപ്പുതറ പോലീസ് കേസ് ചാർജ് ചെയ്യുകയും 12 ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്യുകയും ചെയ്തു. തുടർന്നാണ് 35 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സരുൺ സജി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ബുധനാഴ്ച നടന്ന സിറ്റിങ്ങിൽ വൈൽഡ് ലൈഫ് വാർഡൻ ബി രാഹുൽ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജി രാജ് എന്നിവർ ഒഴിച്ചുള്ള മുഴുവൻ പ്രതികളും കമ്മിഷനു മുന്നിൽ ഹാജരായി.