സംയുക്ത കർഷക സമിതി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 26 ന് കട്ടപ്പനയിൽ ട്രാക്ടർ റാലിയും പൊതുസമ്മേളനവും സംഘടപ്പിക്കും
സംയുക്ത കർഷക സമിതി ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 26 ന് കട്ടപ്പനയിൽ ട്രാക്ടർ റാലിയും പൊതുസമ്മേളനവും സംഘടപ്പിക്കും.പുളിയന്മലയിൽ നിന്നുമാരംഭിക്കുന്ന റാലി കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാത്യു വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും. കട്ടപ്പന മുനിസപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം എം എം മണി എം എൽ എ ഉത്ഘാടനം ചെയ്യും.ഡൽഹി കർഷക സമരത്തെതുടർന്ന് കർഷകരുമായുണ്ടാക്കിയ കരാർ നടപ്പിലാക്കുക, കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില നൽകുക, സമരത്തിൽ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽക്കുക , ലെഖിം പൂർ ഖേരി കൂട്ടക്കൊലക്കേസിൽ പ്രതിയായ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക, കർഷക സമരത്തിൻ്റെ ഭാഗമായി എടുത്ത കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉണയിച്ചാണ് ട്രാക്ടർ റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നത്.
കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന മോദി ഗവൺമെൻ്റ് കാർഷിക മേഖലയെ കോർപ്പറേറ്റുകളുടെ താൽപര്യത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. കാർഷിക മേഖലയിൽ കോൺഗ്രസ് നടപ്പിലാക്കിയ സാമ്പത്തിക നയങ്ങളാണ് ബിജെപി ഗവൺമെന്റും തുടർന്നുവരുന്നത്. ആഗോള വൽക്കരണത്തിനു ശേഷം ഇതിനോടകം 5 ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തു. കാർ ഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച കാരണം കൃഷിക്കാർ കടക്കെണിയിലാണ്. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. എന്നാൽ കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപ എഴുതി തളളുകയും ചെയ്യുന്നു. കർഷകന് കാർഷിക മേഖലയിൽ നിന്നും നാമമാത്രമായ വരുമാനമേ ലഭിക്കുന്നുള്ളൂ. വളം, കീടനാശിനി എന്നിവയുടെ വില ക്രമാതീതമായി വർദ്ധിക്കുന്നു. വില വർദ്ധിപ്പിക്കുന്നതിനുള്ള സൗകര്യം കോർപ്പറേറ്റുകൾക്ക് ചെയ്തുകൊടുക്കുന്നു. ഉത്പ്പന്നങ്ങളുടെ തറവില നിശ്ചയിക്കുന്നതിന് മോദി സർക്കാർ തയ്യാറാവുന്നില്ല. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് കർഷകറാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നത്. നേതാക്കളായ സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, എൻ.വി ബേബി, ടി.സി.കുര്യൻ, പി.കെ.സദാശിവൻ, ബിജു ഐക്കര, സിനോജ് വെള്ളാടി, ജോർജ് അഗസ്റ്റിൻ, മാത്യു ജോർജ്, വി.കെ സോമൻ തുടങ്ങിയവർ സംസാരിക്കുമെന്ന് നേതാക്കൾ പറഞ്ഞു. കട്ടപ്പനയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോർജ്, കിസാൻസഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബിജു ഐക്കര, വി.എൻ നടരാജൻ, കെ എൻ വിനീഷ് കുമാർ എന്നിവർ പങ്കെടുത്തു.