വണ്ടിപ്പെരിയാറിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യക്ക് പ്രേരണയായവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരുവാൻ വണ്ടിപ്പെരിയാർ പോലീസ് നടത്തിയ കൃത്യമായ അന്വേഷണത്തിന് നന്ദി അറിയിച്ച് കുടുംബം . ഇനിയൊരു പെൺകുട്ടിക്കും ഈ ഗതി ഉണ്ടാവരുതെന്ന് പെൺകുട്ടിയുടെ പിതാവ്

2023 ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ തെക്കേ പ്ലാപ്പള്ളി വീട്ടിൽ ശ്രീദേവി എന്ന വീട്ടമ്മയെ ഭവനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടിപ്പെരിയാർ പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് ആത്മഹത്യാ കാരണത്തിന് അന്വേഷണവുമാരംഭിച്ചിരുന്നു. മരണപ്പെട്ട ശ്രീദേവിയുടെ ആത്മഹത്യാക്കുറിപ്പിൽ അയ്യപ്പൻ കോവിൽ സ്വദേശികളായ മനില പതുപറമ്പിൽ പ്രമോദ് വർഗ്ഗീസ് ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനത്താലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതി വച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പ്രമോദ് വർഗ്ഗീസിനെ പോലിസ് കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് പീരുമേട് കോടതിയിൽ ഹാജരാക്കുകയും കോടതി പ്രതിയെ റിമാന്റ് ചെയ്തതും. കേസിൽ പ്രതിയായവരെ കണ്ടെത്തുന്നതിന് വണ്ടി പെരിയാർ പോലീസ് നടത്തിയ കൃത്യതയാർന്ന അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തതിൽ നന്ദി അറിയിക്കുന്നതായിട്ടാണ് കുടുംബത്തിന്റെ പ്രതികരണം. ആത്മഹത്യാ പ്രേരണയ്ക്ക് കാരണമായ പ്രതിയെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുൻപിൽ കൊണ്ടുവന്നതിൽ നന്ദി അറിയിക്കുന്നതായി മരണപ്പെട്ട ശ്രീദേവിയുടെ പിതാവ് പളനി ആചാരി പറയുന്നു.
കേസിൽ അന്വേഷണം നേരിടുന്ന പ്രമോദിന്റെ ഭാര്യ സ്മിത വിദേശത്തായതിനാൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രമോദിന്റെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കി ലഭിക്കുന്ന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുമുണ്ട്. പ്രമോദിന്റെ അറസ്റ്റോടു കൂടി ഇയാളെക്കുറിച്ചുള്ള മോശമായ വിവരങ്ങൾ പുറത്ത് വരുന്നതായും തന്റെ മകൾക്ക് വന്ന അനുഭവം മറ്റൊരാൾക്കും ഉണ്ടാവരുതെന്നും ശ്രീദേവിയുടെ പിതാവ് പറയുന്നു.
ശ്രീദേവിയുടെ ആത്മഹത്യയ്ക്ക് പ്രേരണയായ ആളെ അറസ്റ്റ് ചെയ്തുവെങ്കിലും കേസിൽ പരാമർശിക്കുന്ന പ്രമോദിന്റെ ഭാര്യ സ്മിതയുടെ സംഭവത്തിലെ ഇടപെടൽ കൂടി കണക്കിലെടുത്ത് കുറ്റക്കാരിയെന്ന് കണ്ടാൽ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും അർഹതപ്പെട്ട ശിക്ഷ ലഭ്യമാക്കണ മെന്നും മരണപ്പെട്ട ശ്രീദേവിയുടെ കുടുംബം ആവശ്യപ്പെട്ടു.