മന്ത്രിയുടെ പ്രഖ്യാപനവും പാഴായി;വർഷങ്ങൾ പിന്നിട്ടിട്ടും യാഥാർത്ഥ്യമാകാതെ മുരിക്കാശ്ശേരി ബൈപ്പാസ്
വാത്തിക്കുടി പഞ്ചായത്ത് ആസ്ഥാനമായ മുരിക്കാശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ ഏക സഞ്ചാരമാർഗ്ഗം ഈ ബൈപ്പാസ് റോഡാണ്. പാവനാത്മ കോളേജ് പടിക്കൽ നിന്ന് ആരംഭിച്ച് പോലീസ് സ്റ്റേഷൻ പടിയിലൂടെ കരിമ്പൻ റോഡിൽ എത്തുന്ന ഈ സമാന്തരപാതയ്ക്ക് ഒരു കിലോമീറ്റർ താഴെ മാത്രമാണ് ദൂരം. നിർമ്മാണം പൂർത്തിയാക്കാമെന്ന് നിരവധി തവണ റോഷി അഗസ്റ്റിൻ വാഗ്ദാനം നൽകിയിരുന്നു.എന്നാൽ വാഗ്ദാനം പാഴ് വാക്കായതല്ലാതെ റോഡ് പൂർത്തിയാക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന ഈ വഴിയുടെ ഇരുവശവും ജനവാസ മേഖല കൂടിയാണ്. ചെറിയൊരു മഴ പെയ്താൽ ഇതുവഴി കാൽനടയാത്ര പോലും കഴിയാതെയാവും. ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന മുരിക്കാശ്ശേരി ബൈപാസ് പൂർത്തിയാക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.