ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പള്ളിക്കുന്ന് - ചേരിയാർ റോഡിന് ശാപമോക്ഷം

ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ പള്ളിക്കുന്ന് -പുത്തടി മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്നു സഞ്ചാര യോഗ്യമല്ലാതായിട്ട് രണ്ട് പതിറ്റാണ്ടുകാലം പിന്നിടുകയാണ്. രാജകുമാരി, സേനാപതി പഞ്ചായത്തികളിലെ നിരവധി ആളുകൾ നെടുംകണ്ടം മേഖലയിലേക്ക് എത്തിച്ചേരുവാൻ ആശ്രയിക്കുന്ന എളുപ്പ മാർഗം കൂടിയാണ് ഈ റോഡ്. മൂന്ന് കിലോമീറ്റർ ദൂരം വരുന്ന ഈ പാത പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നതും യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും നിത്യസംഭവമാണ്. സ്കൂൾ ബസുകളോ ടാക്സി വാഹനങ്ങളോ എത്താതായതോടെ ദുരിതത്തിലായ പ്രദേശവാസികൾ റോഡിൽ വാഴയും ചേനയും നട്ട് നിരവധി തവണ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്ന് ശാന്തൻപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി ഇടുക്കി എം പി യെ സമീപിക്കുകയും പ്രധാനമന്ത്രി ഗ്രാമീണ സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി 46 ലക്ഷം രൂപ എം പി അനുവദിക്കുകയും ചെയ്‌തു. 3.9 കിലോമീറ്റർ ദൂരം വരുന്ന റോഡ് അഞ്ച് മീറ്റർ വീതിയിലാണ് നിർമ്മിക്കുന്നത്. നിർമ്മാണ ഘട്ടത്തിൽ ആവിശ്യമായ കലുങ്കുകളും സംരക്ഷണ ഭിത്തികളും നിർമ്മിക്കും,ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തികരിക്കും.
ശാന്തൻപാറ പള്ളിക്കുന്നിൽ നടന്ന ചടങ്ങിൽ ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് റോഡിന്റെ നിർമാണ ഉത്‌ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ ലിജു വർഗീസിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാർ,ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ ആർ ജയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിത്യ സെലിൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ജിഷാ ദിലീപ്,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു .