ഇടുക്കി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ മരിച്ച തൊഴിലാളി സ്ത്രീയുടെ മൃതദേഹവുമായി സമരം നടത്തിയ എസ്റ്റേറ്റ് തൊഴിലാളികൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഇടുക്കി പന്നിയാർ എസ്റ്റേറ്റിൽ കാട്ടാന ആക്രമണത്തിൽ മരിച്ച തൊഴിലാളി സ്ത്രീയുടെ മൃതദേഹവുമായി സമരം നടത്തിയ എസ്റ്റേറ്റ് തൊഴിലാളികൾക്ക് കാരണം കാണിക്കൽ നോട്ടീസ്.മൃതദേഹം ഓഫീസിനുള്ളിൽ കയറ്റി വച്ച് പ്രതിഷേധിച്ച ഏഴു പേർക്കാണ് എച്ച് എം എൽ കമ്പനി അധികൃതർ നോട്ടീസ് നൽകിയത്. ഈ മാസം എട്ടാം തീയതിയാണ് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിയായ പരിമള മോഹൻ കൊല്ലപ്പെട്ടത്. രാവിലെ എസ്റ്റേറ്റിലെ ജോലിക്ക് പോകുന്നതിനിടയിലാണ് ഇവർ കാട്ടാന കൂട്ടത്തിന്റെ മുൻപിൽ പെട്ടതും ആക്രമണത്തിന് ഇരയായതും. ഗുരുതരമായി പരിക്ക് ഏറ്റ പരിമളത്തെ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് മുൻപേ മരണം സംഭവിച്ചു.
എസ്റ്റേറ്റിൽ നിന്നും ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് സൗകര്യം ലഭിക്കാത്തതിലും കാട്ടാനയുടെ സാന്നിധ്യം അറിയുന്നതിന് വാച്ചർമാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് മൃതദേഹവുമായി തൊഴിലാളികൾ എസ്റ്റേറ് മാനേജരുടെ ഓഫിസ് ഉപരോധിച്ചു. ഇതിനെ തുടർന്നാണ് തൊഴിലാളികളക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഓഫിസ് പ്രവർത്തനം തടസപ്പെടുത്തി നാശനഷ്ട്ടങ്ങൾ ഉണ്ടാക്കി,മറ്റു തൊഴിലാളികളെ സമരം ചെയ്യുവാൻ പ്രേരിപ്പിച്ചു, സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നു ദിവസത്തിനുള്ളിൽ വിശദികരണം നല്കണമെന്നാണ് കമ്പനി നിർദ്ദേശം.പതിനാറാം തീയതി ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുവാനും തിരുമാനിച്ചിട്ടുണ്ട്.