കട്ടപ്പന നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസിലെ അഡ്വ.കെ ജെ ബെന്നി തെരഞ്ഞെടുക്കപ്പെട്ടു

കട്ടപ്പന നഗരസഭ വൈസ് ചെയർമാനായി കോൺഗ്രസിലെ അഡ്വ.കെ ജെ ബെന്നി തെരഞ്ഞെടുക്കപ്പെട്ടു. ജോയ് ആനിത്തോട്ടം രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നാർ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ വരണാധികാരിയായിരുന്നു. യുഡിഎഫ് ധാരണ പ്രകാരം ആദ്യ മൂന്നുവർഷം കോൺഗ്രസിലെ എ വിഭാഗത്തിനും പിന്നീടുള്ള രണ്ട് വർഷം ഐ വിഭാഗത്തിനും വൈസ് ചെയർമാൻ സ്ഥാനം നൽകാനായിരുന്നു ധാരണ. ആദ്യം വൈസ് ചെയർമാനായ ജോയ് വെട്ടിക്കുഴി നിശ്ചിത കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് 2021 ഏപ്രിലിൽ രാജിവച്ചു. തുടർന്ന് ജോയി ആനിത്തോട്ടം ഈ പദവിയിലെത്തി. ഡിസംബർ 18ന് ജോയ് ആനത്തോട്ടം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നഗരസഭയിൽ യുഡിഎഫ്- 22, എൽഡിഎഫ്- 9, ബിജെപി -2 എന്നിങ്ങനെയാണ് കക്ഷിനില.