കുട്ടികർഷകർക്ക് ആശ്വാസമായി സർക്കാരും സിനിമാപ്രവർത്തകരും; അഞ്ച് പശുക്കളെ നൽകുമെന്ന് മന്ത്രി ചിഞ്ചു റാണി.അഞ്ച് ലക്ഷം രൂപ നൽകി നടൻ ജയറാം
ഇടുക്കി തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടികർഷകർക്ക് ആശ്വാസം. കുട്ടികർഷകരുടെ വീട് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദർശിച്ചു. കുട്ടികൾക്ക് അടിയന്തിരമായി അഞ്ച് പശുക്കളെ നൽകുമെന്ന് മന്ത്രി അറിയിച്ചു. നടൻ ജയറാം അഞ്ച് ലക്ഷം രൂപ സഹായമായി നൽകി.പുതുവർഷ പുലരിയിലാണ് തൊടുപുഴയ്ക്കടുത്ത് വെള്ളിയാമറ്റത്തെ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ 13 കന്നുകാലികൾ ചത്തുവീണത്. കപ്പത്തൊണ്ടു കഴിച്ച കന്നുകാലികൾ കൂട്ടത്തോടെ ചത്ത് വീഴുകയായിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവർ കുട്ടികളുടെ വീട്ടിൽ ആശ്വാസ വാക്കുകളുമായി എത്തിയത്. കന്നുകാലികൾ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സർക്കാർ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആവശ്യമായ എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് മന്ത്രിമാർ അറിയിച്ചു. കുട്ടികൾക്ക് അടിയന്തിരമായി സർക്കാർ അഞ്ച് പശുക്കളെ നൽകും. കൂടുതൽ സാമ്പത്തിക സഹായം നൽകുന്നത് സംബന്ധിച്ച ആവശ്യം മന്ത്രിസഭ യോഗത്തിൽ ഉന്നയിക്കും. മാട്ടുപ്പെട്ടിയിൽനിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നൽകുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നൽകും.
നടൻ ജയറാമും, അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘അബ്രാഹം ഓസ്‍ലറിന്റെ’ അണിയറപ്രവർത്തകരും സഹായവുമായി കുട്ടികളുടെ വീട്ടിലെത്തി. ചിത്രത്തിന്റെ ട്രയ്ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച 5 ലക്ഷം രൂപ ജയറാം ഇവർക്ക് നല്‍കി.നിറ കണ്ണുകളോടെയാണ് കർഷകരായ കുട്ടികൾ മന്ത്രിമാരെയും സിനിമ പ്രവർത്തകരെയും സ്വീകരിച്ചത്.