കാർട്ടൂണിസ്റ്റ് രജീന്ദ്ര കുമാർ (58) അന്തരിച്ചു

മൂന്നു പതിറ്റാണ്ടോളമായി കേരളത്തിലെ കാർട്ടൂൺ രംഗത്ത് അറിയപ്പെടുന്ന വ്യക്തിത്വമാണ് കാർട്ടൂണിസ്റ്റ് രജീന്ദ്ര കുമാർ (58). കുറച്ചു കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതൃഭൂമി പത്രത്തിലെ എഡിറ്റ് പേജിൽ കേട്ടതും കേൾക്കേണ്ടതും എന്ന പംക്തിയിൽ പതിവായി കാരിക്കേച്ചർ വരയ്ക്കുന്നു. 30 വർഷമായി പത്രത്തിൽ എക്സിക്കുട്ടൻ എന്ന കാർട്ടൂൺ പംക്തി കൈകാര്യം ചെയ്യുന്നു. കോഴിക്കോട് സ്വദേശിയാണ്.മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ പരസ്യ വിഭാഗത്തിൽ ഉദ്യോഗസ്ഥനായ രജീന്ദ്ര കുമാർ ഒപ്പം കാർട്ടൂൺ രചനയിലും പ്രാഗൽഭ്യം തെളിയിച്ചു. ആദ്യ കാർട്ടൂൺ 1987 ൽ അസാധു മാസികയിലാണ് പ്രസിദ്ധീകരിച്ചത്. ഹിന്ദുസ്ഥാൻ ടൈംസിന്റെ ദേശീയ തലത്തിലുള്ള കാർട്ടൂൺ അവാർഡ്, 2015 ലെ കേരള ലളിതകലാ അക്കാദമി കാർട്ടൂൺ പുരസ്കാരം എന്നിവ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. റഷ്യ, ജർമനി, ഇറ്റലി, ഈജിപ്ത്, പോർച്ചുഗൽ , തുർക്കി, ഇറാൻ, ഇന്തോനേഷ്യ, സെര്ബിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ പ്രദര്ശനങ്ങളിൽ രജീന്ദ്രകുമാർ വരച്ച കാർട്ടൂണുകളും, കാരിക്കേച്ചറുകളും ഇടം പിടിച്ചിട്ടുണ്ട്.
രാജ്യാന്തര കാർട്ടൂൺ മത്സരത്തിൽ ജൂറിയായും പ്രവർത്തിച്ചു. കേരള കാർട്ടൂൺ അക്കാദമിയുടെ മുൻ ഭാരവാഹി കൂടിയായ അദ്ദേഹം അക്കാദമി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഗോപിനാഥ് കെ.ടിയുടെയും ശാരദയുടെയും മകനായി 1965 ലായിരുന്നു ജനനം. കോഴിക്കോട് സ്വദേശിയാണ്. ഭാര്യ : മിനി, മക്കൾ: മാളവിക രാഹുൽ ( കോഴിക്കോട് സൈബർ പാർക്ക് ഉദ്യോഗസ്ഥ ), ഋഷിക ( സി.എ.വിദ്യാർത്ഥിനി ) . മരുമകൻ രാഹുൽ.