12 കിലോ കഞ്ചാവുമായി രണ്ട് പേരെ മുരിക്കാശേരിയിൽ പോലീസ് പിടികൂടി

12 കിലോ കഞ്ചാവുമായെത്തിയ രണ്ട് പേരെ മുരിക്കാശേരി പോലീസ് പിടികൂടി. കമ്പിളികണ്ടം പാറത്തോട് പുല്ലൻകുന്നേൽ ജോഷി(43), കമ്പിളി കണ്ടം പാറത്തോട് കണ്ണാടിപ്പാറ ചന്ദ്രൻകുന്നേൽ ഷാജി (54) എന്നിവരാണ് പിടിയിലായത്. ക്രിസ്തുമസ് , പുതുവത്സര സീസൺ പ്രമാണിച്ച് ഇടുക്കി എസ്.പി യുടെ പ്രത്യേക നിർദേശപ്രകാരം ഇടുക്കി ഡി വൈ .എസ് .പി യുടെ നേതൃത്വത്തിൽ നടക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവുമായി പ്രതികൾ പിടിയിലായത്.
ബഥേൽ മേലേ ചിന്നാർ റോഡിൽ വാഹനപരിശോധനക്കിടെ ബൈക്കിലെത്തിയ പ്രതികൾ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പോലീസ് പിന്നാലെ എത്തി പിടികൂടിയപ്പോഴാണ് പ്രതികളിൽ നിന്നും ചാക്കിലും ബാഗിലും നിറച്ച 12.1 കിലോ കഞ്ചാവ് കണ്ടെടുത്തത്.
ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തി പ്രതികൾക്കെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മുരിക്കാശേരി പോലീസ് സ്‌റ്റേഷൻ എസ്.എച്ച്. ഒ എൻ.എസ് റോയി, എസ്.ഐ മാരായ ജോഷി.കെ. മാത്യു , കെ. ഡി. മണിയൻ, പി.ഡി സേവ്യർ , എസ് .സി. പി.ഒ ശ്രീജിത്ത്, സി.പി.ഒ മാര്യയ ധന്യ മോഹൻ, മീനു, ജയേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്.