സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റു; കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം

സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവ കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം.
തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിന്റെ മകൾ നിരഞ്ജന (6) നാണ് സ്വാമി അയ്യപ്പൻ റോഡ് ഒന്നാം വളവിൽ വച്ച പുലർച്ചെ നാലിനു പാമ്പുകടി ഏറ്റത്. കുട്ടിയെ ഉടനടി പമ്പ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു. ആന്റി വെനം ഇൻജെക്ഷൻ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം ആണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അണലിയുടെ കടിയാണ് ഏറ്റത് എന്നാണ് നിഗമനം.
കാനന പാതയിലും സ്വാമി അയ്യപ്പൻ റോഡിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാതെ ഇരിക്കുവാനുള്ള നടപടികൾ വനം വകുപ്പ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ രണ്ടു പാമ്പു പിടുത്തക്കാർ വനം വകുപ്പിന്റേതായി സേവനം നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ നടന്ന അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് രണ്ടു പേരെ കൂടി അധികം വിന്യസിക്കാൻ ഉത്തരവിട്ടിട്ടുണ്ട് എന്ന് ഫോറെസ്റ് റേഞ്ച് ഓഫീസർ അറിയിച്ചു. മഴയും കാലാവസ്ഥ വ്യതിയാനവും മനസിലാക്കി അയ്യപ്പന്മാർ കൂടുതകൾ ജാഗ്രത പുലർത്തണം എന്ന വനം വകുപ്പ് നിർദേശിച്ചു. അയ്യപ്പന്മാർക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട് എന്ന് ഡി എം ഓ അറിയിച്ചു.