കമ്പംമെട്ട് - കമ്പം അന്തർ സംസ്ഥാന പാതയിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു.
ഇന്ന് പുലർച്ചയോടെയാണ് നെടുങ്കണ്ടം - കമ്പം പാതയിൽ തമിഴ്നാടിന്റെ പ്രദേശത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞദിവസം രാത്രിയിൽ ശക്തമായ മഴയാണ് മേഖലയിൽ പെയ്തത്. മണ്ണും വലിയ പാറക്കല്ലുകളും റോഡിലേക്ക് പതിച്ച് റോഡിന് കേടുപാടുകളും സംഭവിച്ചു. തമിഴ്നാട്ടിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തി മണിക്കൂറുകളുടെ പരിശ്രമ ശേഷമാണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്. ചെറു വാഹനങ്ങൾ മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്. ഭാരവാഹനങ്ങൾ രണ്ടുദിവസത്തേക്ക് പാതയിലൂടെ നിരോധിച്ചതായി തമിഴ്നാട് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. ചരക്ക് വാഹനങ്ങൾ നിലവിൽ കുമളി വഴിയാണ് കടന്ന് പോകുന്നത്. ഇന്ന് പുലർച്ചെ മുതൽ അടച്ചിട്ട കമ്പംമെട്ട് ചെക്ക് പോസ്റ്റ് ചെറു വാഹനങ്ങൾക്കായ് തുറന്നുകൊടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പോകുവാനായി എത്തിയ നിരവധി ആളുകൾ വഴിയിൽ കുടുങ്ങി. മണ്ഡലകാല സീസൺ ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ശേഷിക്കേയുണ്ടായ ഗതാഗത തടസ്സം അടിയന്തരമായി നീക്കുവാനാണ് തമിഴ്നാട് പൊതുമരാമത്ത് അധികൃതരുടെ ശ്രമം