നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിന്റെ കീഴിൽ പനംകുട്ടി ആഡിറ്റ് വൺ ഭാഗത്തു നിന്നും തേക്കു മരങ്ങൾ മുറിച്ചു കടത്തി

നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിന്റെ കീഴിൽ പനംകുട്ടി ആഡിറ്റ് വൺ ഭാഗത്തു നിന്നും തേക്കു മരങ്ങൾ മുറിച്ചു കടത്തി.ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപ് നടത്തിയ വനം കൊള്ള വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടത് അടുത്ത നാളിലാണ്. കൊള്ള നടത്തിയവരെ കണ്ടെത്താൻ ഇതുവരെ വനം വകുപ്പിന് ആയിട്ടില്ല.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മൂന്ന് തേക്ക് മരങ്ങൾ കടത്തിയത് എന്ന ആരോപണമാണ് ഉയർന്ന് വരുന്നത്.നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെ കീഴിൽ കരിമണൽ നഗരം പാറ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസ് പരിധിയിൽ ആഡിറ്റ് വൺ ഭാഗത്ത് റിസർവ് വനത്തിൽ നിന്നുമാണ് വർഷങ്ങൾ പഴക്കമുള്ള തേക്ക് മരങ്ങൾ മേഷണം പോയത്.
മൂന്ന് മരങ്ങളാണ് മിഷ്യൻ വാൾ ഉപയോഗിച്ച് മുറിച്ച് കടത്തിയത്. ആന ഉൾപ്പെടെയുള്ള വന്യമ്യഗങ്ങൾ സ്വര്യവിഹാരം നടത്തുന്ന മേഖലയാണിവിടം. എറണാകുളം-കുമളി ഹൈവേയുടെ താഴ് വശത്ത് ഏകദേശം ഒരു കിലോമീറ്റർ ഉള്ളിൽ ആഡിറ്റ് വൺ ടണൽ മുഖത്താണ് തേക്കുമരങ്ങൾ നിന്നിരുന്നത്. പകൽ പോലും ആളുകൾ കടന്ന് ചെല്ലാൻ മടിക്കുന്ന സ്ഥലത്ത് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ മരങ്ങൾ മുറിച്ചു കടത്തുവാൻ സാധ്യമല്ലെന്ന് അടിമാലി ഫോറസ്റ്റ് റെയ്ഞ്ച് സ്നേക്ക് റെസ്ക്യൂവർ കെ. ബുൾബേന്ദ്രൻ പറഞ്ഞു.
മൂന്ന് മാസങ്ങൾക്ക് മുൻപ് മരങ്ങൾ വെട്ടി കടത്തിയത് വനം വകുപ്പ് അധികൃതർ അറിഞ്ഞത് അടുത്ത നാളിലാണ് എന്നതും വിരോധാഭാസമാണ്. നേര്യമംഗലത്തും , പനംകുട്ടിയിലും വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് നിലവിൽ ഉണ്ട്. ഇത് കടന്നാണ് തേക്ക് മരം കടത്തികൊണ്ട് പോയിരിക്കുന്നത്.
വനം വകുപ്പ് അധികൃതർ അറിയാതെ തടി മോഷണം പോവില്ല എന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു. ഇതുമായി ബന്ധപെട്ട് പി.സി സി എഫ് , വിജിലൻസ് കൺസർവേറ്റർ, ഡി എഫ് ഒ തുടങ്ങിയവർക്ക് പരാതി നൽകി.