കൊച്ചി - മൂന്നാര്‍ ദേശീയപാത വികസനം: അവലോകനയോഗം ചേര്‍ന്നു
ജില്ലയില്‍ നടപ്പാക്കുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ഡീന്‍ കുര്യാക്കോസ് എം പിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. പൊതുമരാമത്ത്, വനം, റവന്യു, പഞ്ചായത്ത്, ബി എസ് എന്‍ എല്‍ വകുപ്പുകളുടെ ജില്ലാ തലഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് യോഗം ചേര്‍ന്നത്.
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ കൊച്ചി മുതല്‍ മൂന്നാര്‍ വരെയാണ് ദേശീയപാത വികസനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. ഇതില്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെ റോഡ് പുറംപോക്ക് അതിര്‍ത്തി നിര്‍ണ്ണയിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. റോഡ് പുറംപോക്ക് സര്‍വെ നടത്തി അതിര്‍ത്തി നിര്‍ണ്ണയിച്ച് നവംബര്‍ 30 ന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുമരാമത്ത് വകുപ്പിനെ യോഗത്തില്‍ ചുമതലപ്പെടുത്തി.
ദേശീയപാത വികസനത്തിന് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയോട് ചേര്‍ന്ന 18 കിലോമീറ്റര്‍ ഭാഗം അതിര്‍ത്തി നിര്‍ണയത്തിനും സ്ഥലം ഏറ്റെടുക്കുന്നതിനും മന്ത്രി തലഉന്നതയോഗം ചേരേണ്ടതുണ്ട്. ഇതിനായി റവന്യു-വനം- പൊതുമരാമത്ത് വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നതിനും തീരുമാനിച്ചു.
നേര്യമംഗലം പുതിയ പാലം നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ സാങ്കേതികനടപടികള്‍ പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് - വനം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് വിനിയോഗിച്ച് ജില്ലയില്‍ 80 മൊബൈല്‍ ടവറുകള്‍ നിര്‍മ്മിക്കും. കൂടതലും ആദിവാസി മേഖലകളിലാണ് ടവറുകള്‍ നിര്‍മ്മിക്കുന്നത്.
ഇവയുടെ നിര്‍മ്മാണ പുരോഗതി എം പി വിലയിരുത്തി. 35 മൊബൈല്‍ ടവറുകള്‍ ഡിസംബര്‍ അവസാനത്തോടെ കമ്മിഷന്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍
കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍ എസ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.