മൂന്നാറിൽ മദ്യ ലഹരിയില്‍ ഓട്ടോറിക്ഷയുമായി പാഞ്ഞ് ഡ്രൈവര്‍; ഭയന്ന് ചാടിയ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക് : ഡ്രൈവറെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു
മദ്യലഹരിയില്‍ ഡ്രൈവര്‍ അമിതവേഗത്തില്‍ ഓടിച്ച ഓട്ടോറിക്ഷയില്‍നിന്ന് ചാടിയ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്. ഓട്ടോഡ്രൈവറെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം കുരിശു പാറ സ്വദേശി വിഷ്ണു (28) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച ഉച്ചയോടെ ലക്ഷ്മി റോഡിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനി മൂന്നാര്‍ കന്നിമല സ്വദേശിനിയായ കൂട്ടുകാരിയെ കാണാനാണ് മൂന്നാറിലെത്തിയത്. ഇരുവരും ടൗണില്‍ നിന്നും ഇയാളുടെ ഓട്ടോയില്‍ മാങ്കുളം വിരിപാറ വെള്ളച്ചാട്ടം കാണുവാന്‍ പോകുകയായിരുന്നു.
യാത്രക്കിടയിലാണ്, ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് മനസ്സിലായത്. ഓട്ടോറിക്ഷ അമിതവേഗത്തിലായിരുന്നു. ഭയന്നുപോയ വിദ്യാര്‍ഥിനികള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നാണ് പെണ്‍ കുട്ടികള്‍ ഓട്ടോയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചാടിയത്. പരിക്കേറ്റ ഇവരെ പോലീസെത്തി ആശുപത്രിയിലാക്കി. ഇതുവഴി എത്തിയവരാണ് വിവരം പോലീസില്‍ അറിയിച്ചത്.