സംസ്ഥാനം ഡെങ്കിപ്പേടിയിൽ; രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ
സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ. 10 മാസത്തിനിടെ 11,804 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വർഷം 41 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 32453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ഈ വർഷം ചികിത്സ തേടിയത്. 105 പേർ ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചു. ഇതിൽ ഭൂരിഭാഗം പേരുടെയും വീട്ടിലെ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവർക്ക് നേരത്തെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നില്ലെന്ന സാങ്കേതിക കാരണത്താലാണ് ഈ മരണങ്ങളെ സംശയത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഡെങ്കി കേസുകളിൽ കേരളമാണ് മുന്നിൽ. കർണ്ണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നിൽ. സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ 56ശതമാനം വർദ്ധനവുണ്ട്. കഴിഞ്ഞവർഷം 4468 കേസുകൾ മാത്രമായിരുന്നു. കഴിഞ്ഞവർഷം 58 മരണങ്ങളുമുണ്ടായി.
ഡെങ്കി കേസുകളിൽ വലിയവർദ്ധന ഇക്കുറി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് നേരത്തെ ജാഗ്രതാനിർദ്ദേശം നൽകിയിരുന്നു.രോഗവ്യാപനം കുറയ്ക്കാൻ തദ്ദേശവകുപ്പിന്റെ പങ്കാളിത്തത്തോടെ കൊതുക് നിർമ്മാർജ്ജനം ഉൾപ്പെടെ ആവിഷ്‌കരിച്ചെങ്കിലും പലയിടങ്ങളിലും കാര്യമായി നടപ്പായില്ലെന്നതിന് തെളിവാണ് കേസുകളിലെ വർദ്ധന. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ കേസുകൾ ഇനിയും കൂടാനുള്ള സാദ്ധ്യതയാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.