മലയോര ഹൈവേയുടെ ഭാഗമായി അയ്യപ്പൻ കോവിൽ മാട്ടുക്കട്ടയിൽ ഒഴിപ്പിക്കൽ നടപടിയുടെ പ്രാഥമിക നടപടി പൂർത്തിയായി
മലയോര ഹൈവേയുടെ ഭാഗമായി അയ്യപ്പൻ കോവിൽ മാട്ടുക്കട്ടയിൽ ഒഴിപ്പിക്കൽ നടപടിയുടെ പ്രാഥമിക നടപടി പൂർത്തിയായി. കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയുടേയും , മാട്ടുക്കട്ട ആനക്കുഴി റോഡിന്റെയും മധ്യത്തിലിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ഒഴിപ്പിക്കൽ നടപടിയുടെ ആദ്യഘട്ട നടപടിയാണ് പൂർത്തിയായത്. വാടകക്കാരെ ഒഴിപ്പിച്ച് 7 ദിവസത്തിനകം കെട്ടിടം പൊളിച്ച് നീക്കണമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്. ഉപ്പുതറ പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു.
അയ്യപ്പൻ കോവിൽ മാട്ടുക്കട്ടയിൽ മലയോര ഹൈവേ നിർമ്മാണത്തിനായി റോഡ് കൈയ്യേറി നിർമ്മിച്ച വ്യാപാര സ്ഥാപനങ്ങൾ തടസം സൃഷ്ടിച്ചിരുന്നു. റോഡ് നിർമ്മാണത്തിന് ഇവരെ ഒഴിപ്പിക്കാൻ സർവ്വകക്ഷി യോഗം ചേർന്നിരുന്നു. സർവ്വകക്ഷി യോഗത്തിൽ കടകൾ പൂർണ്ണമായും ഒഴിപ്പിക്കണമെന്ന് ഏകകണ്ഠം തീരുമാനമെടുക്കുകയും ചെയ്തു. ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസണും ഭരണ സമിതിയംഗങ്ങളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വാക്കാൽ കടമുറികളിൽ നിന്ന് വാടകക്കാരെ മാറ്റണമെന്നും പൊളിച്ച് നീക്കണമെന്ന് പറയുകയും സർവ്വെ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ കടയുടമകൾ കടമുറികളിൽ നിന്ന് വാടകക്കാരെ ഒഴിപ്പിക്കുകയോ പൊളിച്ച് നീക്കാനോ തയ്യാറായില്ല. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. റോഡ് കയ്യേറി കടമുറികൾ നിർമ്മിച്ച 14 ഉടമകൾക്കാണ് നോട്ടീസ് നൽകിയത്.കാണിക്കവഞ്ചി പൊളിച്ച് നീക്കാൻ അമ്പലത്തിനും കുരിശടി പൊളിച്ച് നീക്കാൻ പള്ളിക്കും ബി ജെ പി , സി പി എം പാർട്ടികളുടെ വെയിറ്റിംഗ് ഷെഡ് പൊളിച്ച് നീക്കാൻ നേതാക്കന്മാർക്കുമാണ് നോട്ടീസ് നൽകിയത്. പ്രദേശവാസികളുടെ പിന്തുണയോടെയാണ് അധികൃതർ നോട്ടീസ് നൽകിയത്.
ചിലർ നോട്ടീസ് വാങ്ങാൻ തയ്യാറായില്ല. നോട്ടീസ് അതാത് കടയിൽ ഒട്ടിക്കുകയും ചെയ്തു. 7 ദിവസമാണ് കാലാവധി. ഇതിനുള്ളിൽ പൊളിച്ച് നീക്കിയില്ലങ്കിൽ പൊതുമരാമത്ത് വകുപ്പ് പൊളിക്കൽ നടപടി സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ പഞ്ചായ അംഗങ്ങളായ സോണിയ ജെറി, സുമോദ് ജോസഫ്, സിജി പ്രതീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.