സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ഇഡിയുടെയും നീക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി
കട്ടപ്പന:സഹകരണമേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെയും ഇഡിയുടെയും നീക്കത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് കെ പി സുമോദ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലും സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണ്. 2,49,000 കോടി രൂപയാണ് സഹകരണ മേഖലയിലെ നിക്ഷേപം. ഇതിൽ വിളറിപൂണ്ട ബിജെപി, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു. സഹകരണ മേഖലയുടെ പൂർണ അധികാരം സംസ്ഥാന സർക്കാരിനാണ്. എന്നാൽ ഇതിനെതിരായി പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിക്കുകയും സഹകരണ മേഖലയിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കേരളത്തിന്റെ സാമ്പത്തിക സ്രോതസുകൾ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ, പ്രസിഡന്റ് എസ് സുധീഷ്, ട്രഷറർ ബി അനൂപ്, വൈസ് പ്രസിഡന്റ് മിനി സുരേഷ് എന്നിവർ സംസാരിച്ചു.