നാട്ടുവൈദ്യത്തിൽ ദേശിയ പുരസ്കാര നിറവിൽ ഇടുക്കി കാഞ്ചിയാർ സ്വദേശി ധന്വന്തരൻ വൈദ്യൻ
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഹൈറേഞ്ചിൽ നാട്ടുചികിത്‌സാ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ധന്വന്തരൻ വൈദ്യനെ തേടിയെത്തി ദേശീയ പുരസ്കാരം . ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം കഴിഞ്ഞ ഒക്ടോബർ 12 ന് തിരുവനന്തപുരത്ത് ബി എസ് എസ് ബോർഡ് ഓഫ് എക്സാമിനേഷൻ ചെയർമാൻ എം ആർ തമ്പാന്റെ കൈയ്യിൽ നിന്ന് ഏറ്റുവാങ്ങി . ഇടുക്കി ജില്ലയിൽ കാഞ്ചിയാർ പഞ്ചായത്തിൽ പാരമ്പര്യ നാട്ടുവൈദ്യനായ ധന്വന്തരൻ വൈദ്യൻ നാടിനും നാട്ടുകാർക്കും മാതൃകയാണ്. പരമ്പരാഗത ചികിത്സ രീതികളും, 21 ൽ പരം ഔഷധം സ്വന്തമായി വികസിപ്പിച്ചതും, പ്രകൃതി സംരക്ഷണത്തോടെ നാട്ടു മരുന്നുകളെക്കുറിച്ച് ക്ലാസ്സുകൾ നടത്തുന്നതിനും ,മന്ത്രിമാർ, സാമൂഹിക സാംസ്കാരിക രംഗത്തുള്ളവരെയും ,ഗാന ഗന്ധർവ്വനായ യേശുദാസ് അടക്കുമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ പരിചരിച്ചതിനും, തനതായ രീതിയിലുള്ള ഔഷധ നിർമ്മാണ രീതിയും പരിഗണിച്ചാണ് ധന്വന്തരൻ വൈദ്യനെ പുരസ്കാരത്തിന് അർഹനാക്കിയത് . കേരളത്തിൽ നിന്ന് 3 പേർക്കാണ് പുരസ്കാരം ലഭിച്ചത്. 36 വർഷം കൊണ്ട് നൂറ് കണക്കിന് രോഗികളെയാണ് ധന്വന്തരൻ വൈദ്യൻ ചികിത്സിച്ച് ഭേദമാക്കിയത്. സ്വദേശികളും വിദേശികളും ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ഔഷധ സസ്യങ്ങൾ ശേഖരിച്ച് സ്വയം മരുന്നുകൾ നിർമ്മിച്ചാണ് ചികിത്സ നടത്തുന്നത്. ഭാര്യ ദീപ്തിയും മക്കൾ ആൻസ , ആഷ്ലി , അജിൻ , മാതാവ് സരോജിനിയും ഭാര്യ മാതാവ് രമണിയും സഹായവുമായി ഒപ്പമുണ്ട് . ഏത് രോഗത്തിനും ചികിത്സയും മരുന്നുമുള്ള ധന്വന്തരൻ വൈദ്യന് ദേശീയ പുരസ്കാരം ലഭിച്ചെങ്കിലും പ്രദേശികമായി വേണ്ട അംഗീകാരം ലഭിച്ചിട്ടില്ല.