പൊതുവിതരണരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കെ സ്റ്റോറുകള്‍ വഴിയൊരുക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ
പൊതുവിതരണരംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കെ സ്റ്റോറുകള്‍ വഴിയൊരുക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ . ജനകീയ സ്വീകാര്യത പദ്ധതിക്ക് ലഭിച്ചുകഴിഞ്ഞു. പീരുമേട് താലൂക്കിലെ 3 റേഷന്‍ കടകള്‍കൂടി കെ സ്റ്റോറുകളാക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കെ സ്റ്റോര്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭിക്കുകയും അതിലൂടെ റേഷന്‍ കടകള്‍ക്ക് അധിക വരുമാനം നേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ സ്വന്തം സ്റ്റോറായ കെ സ്റ്റോര്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായി 200 റേഷന്‍ കടകളാണ് കെ സ്റ്റോറുകളായി ഉയര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് അമരാവതി രണ്ടാമൈല്‍, അട്ടപ്പള്ളം, വണ്ടിപെരിയാറിലെ വള്ളക്കടവ് എന്നിവിടങ്ങളിലെ റേഷന്‍ കടകള്‍ കെ സ്റ്റോറുക്കളായി ഉയര്‍ത്തിയത്. കുമളി ഗ്രാമപഞ്ചായത്ത് അമരാവതി രണ്ടാംമൈലിലെ ഒന്നാം നമ്പര്‍ കെ സ്റ്റോറില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു അധ്യക്ഷത വഹിച്ചു.
ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ചുരുക്കം ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുന്ന വിധത്തില്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കെ സ്റ്റോര്‍. റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ കെ-സ്റ്റോര്‍ വഴി നടത്താന്‍ സാധിക്കും. ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങള്‍ക്ക് ഇത് ആശ്വാസകരമാണ്. സപ്ലൈകോ ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, അഞ്ച് കിലോയുടെ ഗ്യാസ് സിലിന്‍ഡര്‍ എന്നിവ കെ സ്റ്റോറില്‍ ലഭ്യമാണ്. ആധാര്‍ സേവനങ്ങള്‍, പെന്‍ഷന്‍ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളെല്ലാം കെ-സ്റ്റോര്‍ വഴിലഭിക്കും .
അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജെയിംസ്, അമരാവതി വാര്‍ഡ് മെമ്പര്‍ സണ്‍സി മാത്യു, മുന്‍ ജില്ലാ പഞ്ചാത്തംഗം എം എം വര്‍ഗീസ്, രാഷ്ട്രീയ സംഘടന നേതാക്കളായ ടി സി തോമസ്, റോയി പി ജെ, സന്തോഷ് പണിക്കര്‍, അനില്‍കുമാര്‍, ടി ആര്‍ ചന്ദ്രന്‍, മജോ കാരിമുട്ടം, എ യു ജോസഫ്, വി ജെ ജോര്‍ജ്, കുമളി റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷിജു മോന്‍ തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.