കാർട്ടൂണിസ്റ്റ് സജിദാസിനെതിരെ പോലീസ് കേസ് - പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം ഇടുക്കി ജില്ലാ കമ്മിറ്റി
ഇടുക്കി ജില്ലയിലെ ശ്രദ്ധേയനായ കാർട്ടൂണിസ്റ്റ് സജിദാസിനെതിരെ കാർട്ടൂൺ വരച്ചതിൻ്റെ പേരിൽ പോലീസ് കേസെടുത്ത നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.പോലീസ് ഉദ്യോഗസ്ഥയെ കഥാപാത്രമാക്കി കാർട്ടൂൺ വരച്ചതിന്റെ പേരിലാണ് കേസ് .വ്യക്തിപരമായ അധിക്ഷേപമോ, സ്ത്രീത്വത്തെ അപമാനിക്കലോ കാർട്ടൂണിൽ കാണുവാൻ കഴിയില്ല. നിയമം നടപ്പാക്കുന്നതിൽ പോലീസിനുള്ള അധികാരം പോലെ തന്നെ പോലീസ് നടപടികളോട് പ്രതികരിക്കുവാനുള്ള പൗരന്റെ സാതന്ത്രവും സംരക്ഷിക്കപ്പെടണം.
കട്ടപ്പന ടൗൺ ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടുകയാണ്. മുൻസിപ്പാലിറ്റി നടപ്പിലാക്കിയ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങൾ വാഹന യാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. വാഹനം നിർത്തലും പാർക്കിംങ്ങും, അത് സംബന്ധിച്ച പോലീസ് ഇടപെടലുകളും സംബന്ധിച്ച് നിരന്തരമായി പരാതികൾ ഉയരുകയാണ്.
ഈ സാഹചര്യത്തിലാണ് തനിക്കുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കാർട്ടൂണിലൂടെ സജിദാസ് പ്രതികരിച്ചത് .അതിൻ്റെ പേരിൽ കേസെടുക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. കേസ് അടിയന്തിരമായി പിൻവലിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണം. ഇത് ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായി കണ്ട് ശക്തമായി പ്രതിഷേധിക്കുവാൻ മുഴുവൻ കലാസാംസ്കാരിക പ്രവർത്തകരോടും പ്രസിഡൻറ് സുഗതൻ കരുവാറ്റ,സെക്രട്ടറി കെ ജയചന്ദ്രൻ എന്നിവർ അഭ്യർത്ഥിച്ചു.