ഇടുക്കി ഡീലേഴ്സ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ കൂട്ട രാജി, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എം അംഗങ്ങള്‍ രാജിവെച്ചു
നെടുങ്കണ്ടം കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഭരണസമിതിയിലെ ചില അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് 36 കോടി രൂപ തട്ടിയെടുത്തെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങളായ എം എ അസീസ്, ആര്‍. സുദര്‍ശനന്‍ എന്നിവരും കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയായ എന്‍ എം തങ്കച്ചനും രാജി സമര്‍പ്പിച്ചത്. മറ്റൊരു കോണ്‍ഗ്രസ് പ്രതിനിധിയായ സിജി എല്‍ദോസ് രാജി സമര്‍പ്പിയ്ക്കുമെന്നും അറിയിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാംഹികുട്ടി കല്ലാറിന്റെ ബിനാമിയാണ് നിലവിലെ പ്രസിഡന്റ് ടോമി ജോസഫെന്നും അഴിമതി സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കെപിസിസി നിര്‍ദേശാനുസരണം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്ട്ട് പൂഴ്ത്തി വെച്ചതായും രാജി വെച്ച അംഗങ്ങള്‍ ആരോപിച്ചു. ബാങ്ക് സെക്രട്ടറിയ്ക്ക്ും ചില ജീവനക്കാര്‍ക്കും ക്രമക്കേടുകളില്‍ പങ്കുണ്ടെന്നാണ് വിവരം . നിലവില്‍ സസ്പെന്‍ഷനിലുള്ള സെക്രട്ടറി കാനഡയിലേയ്ക്ക് കടന്നതായും സൂചനയുണ്ട്. സംഘത്തില്‍ അംഗത്വമുള്ള നിരവധിയാളുകളുടെ പേരില്‍ വ്യാജ വായ്പ എടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിയ്ക്കുന്നുമില്ല. അതേസമയം സംഘത്തില്‍ കാര്യമായ പ്രതിസന്ധി ഇല്ലെന്നാണ് ഭരണ സമിതിയുടെ നിലപാട്. മുന്‍കാലങ്ങളില്‍ നിക്ഷേപങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്തിരുന്നെന്നും ഇതാണ് പ്രതിസന്ധിയിലേയ്ക്ക് നയിച്ചതെന്നും, ചിലര്‍ മനപൂര്‍വ്വം ബാങ്കിനെ തകര്‍ക്കാന്‍ ശ്രമിയ്ക്കുകയാണെന്നും പ്രസിഡന്റ് പ്രതികരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യം കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തേയും പ്രതിസന്ധിയിലാക്കും.