ഏലപ്പാറ ഹെലിബറിയ 37 പുതുവലിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു
ഏലപ്പാറ ഹെലിബറിയ 37 പുതുവൽ ഭാഗത്ത് ജനവാസ മേഖലയിൽ പുലിയുടെ സാന്നിദ്ധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു.കഴിഞ്ഞ ശനിയാഴ്ച രാത്രി രണ്ട് വയസു പ്രായമായ പശുകിടാവിനെ പുലി കൊന്ന് ഭക്ഷിച്ചിരുന്നു.ഇതേ തുടർന്ന് വനം വകുപ്പ് കഴിഞ്ഞ ദിവസം ഇവിടെ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് സ്ഥിരീകരണം ഉണ്ടായത്.ഏലപ്പാറ ഹെലിബറിയ 37 പുതുവൽ ഭാഗത്ത് താമസിക്കുന്ന കട്ടക്കയം ചാക്കോച്ചന്റെ രണ്ട് വയസ് പ്രായമായ പശുക്കിടാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ പുലി ആക്രമിച്ച് കൊന്നത് .
വയറു ഭാഗം കടിച്ചു കീറിയ നിലയിലും കാലിന്റെ തുട ഭാഗത്തെ ഇറച്ചി ഭക്ഷിച്ച നിലയിലുമാണ് വീടിന് സമീപത്തെ കൃഷിയിടത്തിൽ കാണപ്പെട്ടത്.പശു കിടാവിന്റെ മുഖത്ത് കടിച്ച് ആഴത്തിൽ പല്ല് ഇറങ്ങിയതായും കാണപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യ തെളിവുകൾ മനസിലാക്കി, ആക്രമിച്ചത് പുലിയാണ് എന്ന സംശയം അന്ന് തന്നെ ഉടലെടുത്തിരുന്നു.വിവരം വനം വകുപ്പിൽ അറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച പകൽ പശു കിടന്ന സ്ഥലത്ത് ക്യാമറ സ്ഥാപിച്ചു . ചൊവ്വാഴ്ച്ച രാവിലെ വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ കൂടുതൽ മാംസം ഭക്ഷിച്ചതായും കിടന്ന സ്ഥലത്ത് നിന്ന് 3 മീറ്ററോളം പശുവിനെ വലിച്ച് മാറ്റിയതായും കണ്ടു . ഇതോടൊപ്പം അന്ന് രാത്രി ഏഴ് മണിയോടെ കൊല്ല പ്പെട്ട പശുവിന്റെ ഉടമ ചാക്കോച്ചൻ പുലിയെ നേരിൽ കാണുകയും ചെയ്തു.
വീടിന് സമീപത്തായി കോഴിക്കാനം തേയില ത്തോട്ടം മേഖലയാണ് .ഇതിന്റെ കുറെ ഏക്കറോളം ഭാഗം വർഷങ്ങളായി കാട് പിടിച്ച് വനത്തിന് സമാനമായി കിടക്കുകയാണ് .മുൻപ് ഇത്തരത്തിൽ ഒരു സംഭവം പ്രദേശത്ത് ഉണ്ടായിട്ടില്ല എന്നും പറയുന്നു. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രവും പതിഞ്ഞതോടെ ജനവാസ മേഖലയിലെ നിലവിലെ സാഹചര്യം വിവരിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായും എരുമേലി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു.അനുമതി ലഭിച്ചാൽ തൊട്ടടുത്ത ദിവസം തന്നെ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.