അമ്മയെ കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ
കോട്ടയത്ത് പ്രതി ആത്മഹത്യ ചെയ്തു. അമ്മയെ കൊന്ന കേസിലെ പ്രതിയായ മകൻ പാലത്തിൽ തൂങ്ങിമരിച്ചു. കയറിൽ കുരുക്കിയ കയർ ഓട്ടോറിക്ഷയിൽ കെട്ടി പാലത്തിൽ നിന്ന് ചാടുകയായിരുന്നു. പനച്ചിക്കാട് സ്വദേശി ബിജു (50) ആണ് ആത്മഹത്യ ചെയ്തത്.ജാമ്യത്തിൽ ഇറങ്ങിയ പ്രതി പാലത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. അമ്മയെ നെഞ്ചിലും മുഖത്തിലും ചവിട്ടിക്കൊന്ന കേസിലെ പ്രതിയാണ് ബിജു. ഓട്ടോയിൽ കയർ കെട്ടിയ നിലയിലാണ് മൃതദേഹം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
നേരത്തെ, കോട്ടയം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു ബിജുവിന്റെ അമ്മ മരിച്ചത്. ഒരു സാധാരണ മരണം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിന്നീട് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനിടെ ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് പൊലീസിൽ അറിയിച്ചത്.
ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ബിജു അറസ്റ്റിലാവുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ബിജു മാനസിക അസ്വസ്ഥതകൾ കാണിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സ്വന്തം ഓട്ടോയിൽ കയർ കുടുക്കിട്ട് പുഴയിലേക്ക് ബിജു തൂങ്ങിമരിക്കുന്നത്. നാട്ടുകാർ കാണുമ്പോൾ തന്നെ മരിച്ച നിലയിലായിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.