നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന. പ്രതി റോബിൻ ജോർജ് കസ്റ്റഡിയിൽ
കോട്ടയം കുമാരനെല്ലൂരിൽ നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് റോബിനെ പിടികൂടിയത്. കുമാരനെല്ലൂരിലെ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്.കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട് മീനച്ചിലാറ്റിലേക്ക് ചാടി നീന്തി റോബിൻ രക്ഷപ്പെട്ടിരുന്നു. കൊശമറ്റം കോളനി ഭാഗത്തു നിന്നും ആറ്റിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്.
റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായാണ് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. പിടികൂടിയ കഞ്ചാവ് എവിടെ നിന്നും വാങ്ങി എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.