മൂവാറ്റുപുഴയിൽ മൂന്നരകിലോയോളം കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ
മൂവാറ്റുപുഴ മുടവൂരിൽ നിന്നും മൂന്നര കിലോയോളം കഞ്ചാവുമായിട്ടാണ് ഒറീസ സ്വദേശികളായ ചിത്രസൻ ,ദീപ്തി കൃഷ്ണ എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നിന്നും തൃശ്ശൂരിലെത്തി കഞ്ചാവ് മൊത്ത വിൽപ്പന നടത്തിയ ശേഷം, ഇരുവരും മൂവാറ്റുപുഴ മുടവൂർ സെൻറ് ജോർജ് യാക്കോബായ പള്ളിക്ക് എതിർവശത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മൊത്ത വിൽപ്പനയ്ക്കായി ആളുകളെ കാത്തിരിക്കുന്ന സമയത്താണ് എക്സൈസ് സംഘം പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു .മറ്റു സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് മൊത്തമായി ശേഖരിച്ച് കേരളത്തിലെ പല ജില്ലകളിലും കൊണ്ടു നടന്ന് വിൽക്കുന്ന രീതിയാണ് ഇവരുടേത് എന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി സുമേഷ് പറഞ്ഞു.
കഞ്ചാവ് പൊതിഞ്ഞു കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകളും, തൂക്കി വിൽക്കുവാൻ ഉപയോഗിക്കുന്ന ത്രാസും ഉൾപ്പെടെയാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത്ത് ജോർജിൻറെ സാന്നിധ്യത്തിലാണ് മറ്റു നടപടിക്രമങ്ങൾ അന്വേഷണ സംഘം പൂർത്തികരിച്ചത്.