ഉടുമ്പന്‍ചോല നിയമസഭാ നിയോജക മണ്ഡലത്തില്‍ പട്ടയ അസംബി നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. എം എം മണി എംഎല്‍എ യോഗത്തിന് അധ്യക്ഷത വഹിച്ചു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിയ്ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന പട്ടയ മിഷന്‍ പരിപാടിയുടെ ഭാഗമായാണ് പട്ടയ അസംബ്ലി സംഘടിച്ചത്.
അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു. സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നങ്ങള്‍ ഉള്ളതും, നിയമഭേദഗതികള്‍ വേണ്ടതുമായ വിഷയങ്ങള്‍ പട്ടയ അസംബ്ലിയുടെ ശുപാര്‍ശയോടെ പട്ടയ മിഷന്റെ ചുമതലയുള്ള ജില്ല- സംസ്ഥാനതല ദൗത്യ സംഘങ്ങള്‍ക്കും, സര്‍ക്കാരിനും സമര്‍പ്പിക്കും. പട്ടയ വിതരണത്തിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകുമെന്നും എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ വിവിധ വില്ലേജുകളില്‍ പരിഹാരം കാണേണ്ട പട്ടയ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
ഡെപ്യൂട്ടി കളക്ടറും ഉടുമ്പന്‍ചോല പട്ടയ അസംബ്ലി നോഡല്‍ ഓഫീസറുമായ ജോളി ജോസഫ് വിഷയാവതരണം നടത്തി. പദ്ധതി പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നങ്ങള്‍, തര്‍ക്ക പരിഹാരം വേണ്ട പ്രശ്‌നങ്ങള്‍, കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിലെ നിയമ പ്രശ്‌നങ്ങള്‍, വിവിധ കോളനികളിലെ പട്ടയം, കൈവശരേഖ എന്നിങ്ങനെയുള്ള വിവിധ ഭൂമി പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചു. മണ്ഡലത്തിലെ വിവിധങ്ങളായ കോളനികള്‍ക്ക് പട്ടയം ലഭിക്കാത്തതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിലവില്‍ അതിന്റെ കാരണങ്ങള്‍ പരിശോധിച്ച് വേണ്ടത് ചെയ്യണമെന്ന് അംഗംങ്ങള്‍ ആവശ്യപ്പെട്ടു. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടറും ഉടുമ്പന്‍ചോല താലൂക്ക് തഹസില്‍ദാര്‍ ജോസ് എ വി യും മറുപടി നല്‍കി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മോഹനന്‍ വി എന്‍, ഉഷാകുമാരി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഉടുമ്പന്‍ചോല താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സോജന്‍ പുന്നൂസ്, ഉടുമ്പന്‍ചോല മണ്ഡലത്തിലെ എല്‍ എ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.