ഉപ്പുതറ ലോൺട്രി ക്ഷേത്രത്തിൽ മോഷണം
ഉപ്പുതറ ലോൺട്രി ശ്രീ അമ്മേ നാരായണ ദേവീക്ഷേത്രത്തിലാണ് കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. ക്ഷേത്ര പരിസരത്ത് ആടിനെ മേയ്ക്കാൻ എത്തിയ മുൻ ശാന്തിയാണ് മെയിൽ ഗേറ്റ് തുറന്ന് കിടക്കുന്നത് കണ്ടത് ഉടൻ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു ഇവർ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വെള്ളിയാഴ്ച ദിവസങ്ങളിൽ മാത്രമാണ് ഇവിടെ പൂജകൾ നടക്കാറുള്ളത്. ഈ ക്ഷേത്രത്തിന്റെ പൂട്ടുകൾ തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. ക്ഷേത്രത്തിന്റെ മുൻഭാഗത്തുള ഗയിറ്റിന്റെ പൂട്ടും ക്ഷേത്രം ഓഫീസിന്റെ പൂട്ടും തകർത്ത് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഓഫീസിൽ സൂക്ഷിച്ചിരുന്ന അലമാരിയുടെ ലോക്കർ തകർത്ത് ഉള്ളിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. മോഷ്ടാവ് ഉപേക്ഷിച്ച തോർത്ത് ക്ഷേത്രത്തിന്റെ മുറ്റത്ത് നിന്നും ലഭിച്ചു. നോട്ടുകളും ചിതറിയ നിലയിൽ ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെടുത്തു.
ഏകദേശം 12,000 രൂപ നഷ്ടമായി എന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്. കുടത്തിൽ താഴിട്ട് പൂട്ടി സൂക്ഷിച്ചിരുന്ന ചില്ലറ തുട്ടുകൾ നിലത്ത് ഉപേക്ഷിച്ച നിലയിൽ ഓഫീസിൽ നിന്നും ലഭിച്ചു. സംഭവസ്ഥലത്ത് പൈനാവ് ഫിംഗർ പ്രിന്റ് എക്സ്പെർട്ട് നിത്യ മോഹനന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പരിശോധിച്ചു. ഉപ്പുതറ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണവും ആരംഭിച്ചു.