മാലിന്യമുക്തം നവകേരളം കാമ്പയ്‌നിന്റെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ കാമ്പയ്ന്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു. യോഗത്തില്‍ ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ഒക്ടോബര്‍ 2 മുതല്‍ 2024 ജനുവരി 26 വരെയാണ് മൂന്നാം ഘട്ട പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. ഇതിനായുള്ള ആക്ഷന്‍ പ്ലാന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു തയ്യാറാക്കി. ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ജില്ലയിലെ എല്ലാ പൊതു ഇടങ്ങളും നിരത്തുകളും ഓടകളും ശുചീകരിച്ചു മാലിന്യങ്ങള്‍ തരം തിരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കും.
എല്ലാ വിദ്യാഭ്യാസ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മാലിന്യ സംസ്‌കരണം ഉറപ്പാക്കും. ജൈവ അല്ലെങ്കില്‍ ദ്രവ മാലിന്യങ്ങളുടെ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്തയിടത്ത് അവ സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം നല്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. വ്യാപാര- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഹരിത പ്രോട്ടോകോള്‍ ഉറപ്പാക്കും., വിനോദസഞ്ചാരകേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്‌കരണത്തിന്റെ ശേഷി പരിശോധിക്കും. മാലിന്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നുണ്ടോയെന്ന് ഉറപ്പാക്കാനായി പ്രാദേശിക ഹരിത മേല്‍നോട്ട സമിതികള്‍ രൂപികരിക്കും , ജില്ലയില്‍ കൂടുതല്‍ ഹരിത ചെക്‌പോസ്റ്റ് സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും, തുടങ്ങി എല്ലാ മേഖലയിലും ഫലപ്രദമായി മാലിന്യസംസ്‌കരണവും മാലിന്യനിര്‍മാര്‍ജ്ജനവും നടത്തുന്ന വിധത്തിലാണ് മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.യോഗത്തില്‍ കില ഫെസിലിറ്റേറ്റര്‍ മധു പി വി , തദ്ദേശസ്വയംഭരണവകുപ്പ് അസി ഡയറക്ടര്‍ ശ്രീലേഖ സി, കാമ്പയിന്‍ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.