വണ്ടിപ്പെരിയാർ വള്ളക്കടവിൽ പെരിയാർ നദിയിലേക്ക് ഇറക്കി നിർമ്മാണം. റവന്യൂ സംഘം സ്ഥലത്ത് പരിശോധന നടത്തി
വണ്ടിപ്പെരിയാർ വള്ളക്കടവിൽ പെരിയാർ നദിയിലേക്ക് ഇറക്കി പുറംപോക്ക് സ്ഥലം കൈയ്യേറി അനധികൃത നിർമ്മാണം നടക്കുന്നുവെന്ന് റവന്യൂ വിഭാഗത്തിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനധികൃത നിർമ്മാണം തടഞ്ഞു കൊണ്ട് സ്റ്റോപ് മെമ്മോ നൽകിയത്. പെരിയാർ നദിയിലേക്ക് ഇറക്കി സംരക്ഷണ ഭിത്തി നിർമ്മിച്ച് ഇതിനുള്ളിൽ മണ്ണിട്ട് നികത്തിയ ശേഷം ഇതിൽ നിന്നും ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ച് റോഡ് നിരപ്പിൽ വരെ ഉയർത്തിയാണ് അനധികൃതനിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്. റവന്യു വിഭാഗത്തിന് ലഭിച്ച പരാതിയിൽ അന്വേഷണത്തിനായിപീരുമേട് താലൂക്ക് ഓഫീസ്, വണ്ടിപ്പെരിയാർ മഞ്ചുമല വില്ലേജ് ഓഫീസ് എന്നീ ഓഫീസുകൾക്ക് ഇടുക്കി കലക്ട്രേറ്റിൽ നിന്നും നിർദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണം തടഞ്ഞു കൊണ്ട് സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു.
ഇതോടെയാണ് ഇടുക്കി സബ് കലക്ടർ അരുൺ എസ് നായർ അടങ്ങുന്ന റവന്യൂ സംഘം സ്ഥലത്തെത്തി നിർമ്മാണം തടഞ്ഞു കൊണ്ടുള്ള സ്‌റ്റോപ് മെമ്മോ നൽകിയ സ്ഥലത്ത് പരിശോധന നടത്തിയത്. റോഡ് നിരപ്പിൽ നിന്നും പെരിയാർ കടുവാ സങ്കേതത്തിന്റെ ഭംഗിയാസ്വദിക്കുന്ന തരത്തിലുളള ഗ്യാലറിയാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഇവർ റവന്യൂ അധികൃതർക്ക് നൽകിയ വിശദീകരണം. സ്‌റ്റോപ്പ് മെമ്മോ നൽകിയതിന് ശേഷവും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ .
റവന്യു വക ഭൂമിയിലാണോ നിർമ്മാണം നടത്തിയിരിക്കുന്നത് എന്നുമുള്ള അന്വേഷണമാണ് സ്ഥല പരിശോധനയിലൂടെ നടത്തിയത്. സംഭവത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയവരെ ഹിയറിംഗിനായി ഇടുക്കി കലക്ട്രേറ്റിൽ വിളിപ്പിക്കും. ഇതിന് ശേഷമാണ് മേൽ നടപടികൾ ഉണ്ടാവുക. പീരുമേട് തഹസീൽദാർ . മഞ്ചുമല വില്ലേജ് ഓഫീസർ . മറ്റ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും സബ് കലക്ടർക്ക് ഒപ്പം ഉണ്ടായിരുന്നു