പീരുമേട്ടിലെ തേയില തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ അവസ്ഥ പരിതാപകരമെന്നു ബോധ്യമായതായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി
കഴിഞ്ഞ വർഷം പെയ്ത കനത്ത മഴയെ തുടർന്ന് കോഴിക്കാനം രണ്ടാം ഡിവിഷനിലെ ലയം തകർന്നുവീണ് തൊഴിലാളി സ്ത്രീ മരിച്ച സ്ഥലം വി. കെ. ബീനാകുമാരി സന്ദർശിച്ചു. തഹസീൽദാർ സണ്ണി ജോർജ്,ഇൻസ്‌പെക്ടർ പ്ലാന്റെഷൻസ് ശാലിനി നായർ ഡെപ്യൂട്ടി ലേബർ ഓഫീസർ ദീബു, ഡോ ഗിന്നസ് മാട സാമി എന്നിവർ സന്ദർശന വേളയിൽ ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്നു താലൂക്കിലെ മറ്റു ലയങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കി. തൊട്ടടുത്ത ദിവസങ്ങളിൽ കമ്മീഷൻ വീണ്ടും ലയങ്ങൾ സന്ദർശിക്കുമെന്നും, തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ എത്രയും വേഗം നവീകരിക്കേണ്ടതാണ് എന്നും നിലവിലെ സ്ഥിതി ദുരിതപൂർണമാണെന്നും കമ്മീഷൻ വ്യക്തമാക്കി.
അറ്റകുറ്റ പണികൾ നടത്തേണ്ട ലയങ്ങൾ പൊളിച്ചു മാറ്റി പുതിയവ പണിയേണ്ടതിൻ്റെ കണക്കുകളും വിവരങ്ങളും എത്രയും വേഗം ഹാജരാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദേശം നൽകി. സന്ദർശനത്തിന് ശേഷം കമ്മീഷൻ പീരുമേട് സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിംഗ് നടത്തി. സർക്കാർ അനുവദിച്ച 10 കോടി രൂപയുടെ നവീകരണ പ്രവർത്തങ്ങൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ചൂണ്ടികാണിച്ചു പരാതിക്കാരനായ ഗിന്നസ് മാട സാമി കമ്മീഷൻ മുമ്പാകെ ആക്ഷേപം സമർപ്പിച്ചു.
ലയങ്ങൾ നവീകരിക്കാൻ സംസ്ഥാന സർക്കാർ രണ്ടു ബജറ്റുകളിലായി 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ തൊഴിൽ വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും മെല്ലെപ്പോക്കു കാരണം നവീകരണം ഇതുവരെ നടന്നില്ല. ചോർന്നൊലിച്ച്, ഏതു നിമിഷവും തകർന്നു വീഴാവുന്ന മേൽക്കൂരയ്ക്കു കീഴിൽ ഭയന്നു വിറച്ചാണ് തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞു കൂടുന്നത്. ചില ലയങ്ങൾ പൂർണമായും നിലം പൊത്തി.ഭാഗീകമായി തകർന്നു വീണ ലയങ്ങളുടെ അവശേഷിക്കുന്ന ഭാഗങ്ങളിലും ചില കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ലയങ്ങളുടെ അപകടാവസ്ഥ വീണ്ടും ശ്രദ്ധയിൽ വന്നതോടെയാണ് നേരിട്ടു സന്ദർശിക്കാൻ കമ്മീഷൻ തീരുമാനിച്ചത്. പീരുമേട് താലൂക്കിൽ നാല് വൻകിട എസ്റ്റേറ്റുകളാണ് 23 വർഷമായി പൂട്ടിക്കിടക്കുന്നത്.