കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: എറണാകുളം സ്വദേശി മൂന്നാറില്‍ അറസ്റ്റിലായി
കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ
എറണാകുളം സ്വദേശി മൂന്നാറില്‍ അറസ്റ്റിലായി.ഉത്പന്നങ്ങളുടെ കയറ്റുമതി സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീനം സംഘടിപ്പിച്ചാണ് ഇയാളും സംഘവും തട്ടിപ്പ് നടത്തിയത്.കുടുംബശ്രീ അംഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് നാട്ടിലും വിദേശത്തും കൂടുതല്‍ വിപണി കണ്ടെത്തി നല്‍കും എന്ന് വിശ്വസിപ്പിച്ചായിരുന്നു എറണാകുളം സ്വദേശി സബിന്‍ രാജിന്റെ നേത്വത്തിലുള്ള സംഘം തട്ടിപ്പ് നടത്തിയിരുന്നത്. കടവന്ത്ര കേന്ദ്രീകരിച്ചുള്ള കോട്ടോലക്‌സ് എക്‌സ്‌പോര്‍ട്ടിംഗ് എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. കയറ്റുമതിയ്ക്ക് മുന്നോടിയായി ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ക്ലാസ് എടുക്കാൻ ഒരു കുടുംബശ്രീ യൂണിറ്റില്‍ നിന്നും 7500 രൂപയാണ് ഇയാള്‍ വാങ്ങിയിരുന്നത്. ഇതോടൊപ്പം, വെബ്‌സൈറ്റ് മുഖേന ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനായും പണം വാങ്ങിയിരുന്നു. മൂന്നാറിലെ നിരവധി കുടുംബശ്രീ യൂണിറ്റുകളെ ഇയാള്‍ തട്ടിപ്പിന് ഇരയാക്കി. ട്രെയിനിംഗ് ക്ലാസുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ഉത്ഘാടനം ദേവികുളം സബ്കളക്ടറാണ് നിര്‍വ്വഹിച്ചത്. സംഭവം തട്ടിപ്പ് ആണെന്ന് മനസിലായതോടെ, കുടുംബശ്രീ പ്രവര്‍ത്തകര്‍ പോലിസിനെ സമീപിയ്ക്കുകയായിരുന്നു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍, കുടുംബശ്രീകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ, വിശ്വസിപ്പിച്ചാണ്, ഇയാളും സംഘവും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.